aana

വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും, കല്ലാർ മേഖലയിലും ഒറ്റയാൻ ഭീതിവിതച്ച് വിഹരിക്കുന്നു. ഒരുമാസമായി ഒറ്റയാന്റെ താണ്ഡവം തുടരുകയാണ്. ഒറ്റയാന്റെ ആക്രമണം ഭയന്ന് പകൽസമയത്തുപോലും വനത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയെന്നാണ് ആദിവാസികളുടെ പരാതി. കല്ലാർ ആദിവാസിമേഖലയിലടക്കം പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഒറ്റയാൻ വിതച്ചത്. കല്ലാർ, മംഗലകരിക്കകം, ആറാനക്കുഴി, മൊട്ടമൂട്, അല്ലത്താര, ചണ്ണനിരവട്ടം, ചാമക്കര, കെമ്പ്രാംകല്ല്, എന്നീ ആദിവാസി ഊരുകളിലാണ് ആനശല്യം വ‌ർദ്ധിച്ചിട്ടുള്ളത്. ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്ന് ആദിവാസികൾ പറയുന്നു. ഒരുമാസം മുൻപ് കാടിറങ്ങിയ ഒറ്റയാൻ നാട്ടിൻപുറങ്ങളിൽ ഭീതിയും നാശവും പരത്തിയതായി വ്യാപകമായ പരാതിയുണ്ട്. ഒപ്പം വാഴ,​ പച്ചക്കറി കൃഷികളും വ്യാപകമായി നശിപ്പിച്ചു. ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് വനപാലകർക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പൊൻമുടി-കല്ലാർ സംസ്ഥാനപാതയിൽവരെ ഒറ്റയാന്റെ വിളയാട്ടമാണ്. മൂന്ന് ദിവസം മുൻപ് ഒറ്റയാൻ കല്ലാർ ഗോൾഡൻവാലിയിലിറങ്ങി മരങ്ങൾ പിഴുത് വൈദ്യുതിപോസ്റ്റിന് മുകളിലൂടെ ഇട്ടിരുന്നു. തുടർന്ന് ഗോൾഡൻവാലി മേഖലയിലെ വൈദ്യുതിലൈൻ തകരുകയും, പൊൻമുടി മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസപ്പെടുകയും ചെയ്തു. വനാന്തരത്തിലും ഒറ്റയാൻ മരങ്ങൾ പിഴുതിട്ടിരുന്നു. ഒറ്റയാന് പുറമേ മറ്റ് മൂന്ന് ആനകളും പൊൻമുടി മേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട്.

കഴിഞ്ഞ ദിവസം പൊൻമുടിയിൽ നിന്നു മടങ്ങിയ യുവാവ് ഗോൾഡൻവാലിക്ക് സമീപം വച്ച് ഒറ്റയാന്റെ മുന്നിൽപ്പെട്ടു. ആനയുടെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാത്രിയിൽ മിക്ക ദിനങ്ങളിലും റോഡിന്റെ നടുക്കാണ് ഒറ്റയാന്റെ അന്തിയുറക്കം. ബസും മറ്റും എത്തുമ്പോൾ ഒറ്റയാൻ റോഡിൽ കിടക്കുന്നതുമൂലം ഗതാഗതതടസവും നേരിടുന്നുണ്ട്. മിക്കപ്പോഴും ബസ് നിറുത്തി മിനിറ്റുകളോളം ഹോൺ മുഴക്കി ഒറ്റയാനെ മാറ്റിയശേഷമാണ് ബസ് കടന്നുപോകുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് മൂന്നാഴ്ച മുൻപാണ് പൊൻമുടി അടച്ചത്. ആളും ആരവുമില്ലാതെ വന്നതോടെ കാട്ടുമൃഗങ്ങളുടെ ആധിപത്യമാണ് മാമലയിൽ, ആനയും, കാട്ടുപോത്തും, കേഴയും, പന്നിയും ഇവിടെ മിക്ക ദിനങ്ങളിലും എത്തുന്നുണ്ടെന്ന് പൊൻമുടി നിവാസികൾ പറയുന്നു. പൊൻമുടി എസ്റ്റേറ്റ് മേഖലയിലും കാട്ടാനശല്യം വർദ്ധിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തും കാട്ടാനകളുടെ താണ്ഡവമാണ്. അനവധി പേർ ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.