
തിരുവനന്തപുരം:അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടും തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ‍്യൂട്ടിഫ്രീ ഷോപ്പ് തുറക്കുന്നത് അനിശ്ചിതത്വത്തിൽ.കസ്റ്റംസിൽ നിന്ന് ലൈസൻസ് കിട്ടുന്നതിനുള്ള കാലതാമസമാണ് ഡ്യൂട്ടി ഫ്രീഷോപ്പ് തുറക്കുന്നത് നീളാൻ കാരണം. തിരുവനന്തപുരം വിമാനത്താവളം എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഡ്യൂട്ടി ഫ്രീഷോപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്ന പ്ലസ് മാക്സ് കമ്പനി നൽകിയിരിക്കുന്ന കേസാണ് അദാനിക്ക് തിരിച്ചടിയാകുന്നത്. വിമാനത്താവള നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കാലത്ത് പ്ലസ് മാക്സ് മദ്യത്തിൽ നടത്തിയ വെട്ടിപ്പും അദാനി ഗ്രൂപ്പിന് ലൈസൻസ് നൽകുന്നതിന് വിലങ്ങുതടിയായിരിക്കുകയാണ്.ലൈസൻസിനുള്ള അപേക്ഷ കൊച്ചിയിൽ കസ്റ്റംസ് കമ്മിഷണറുടെ പരിഗണനയിലാണ്.പഴയ കമ്പനി മദ്യം കടത്തിയ കേസ് നിലനിൽക്കുന്നതിനാൽ ലൈസൻസിൽ തീരുമാനമെടുക്കാൻ കസ്റ്റംസിന് പരിമിതിയുണ്ടെന്നാണ് സൂചന. ലൈസൻസ് ലഭിച്ചാൽ എത്രയും വേഗം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ അദാനി ഗ്രൂപ്പിൽ സജീവമാണ്.
കണ്ണൂർ വിമാനത്താവളത്തിൽ ഉൾപ്പെടെ ഡ‍്യൂട്ടി ഫ്രീ ഷോപ്പുകൾ സുഗമമായി പ്രവർത്തിക്കുമ്പോഴാണ് സംസ്ഥാനത്തെ ആദ‍്യ വിമാനത്താവളമായ തിരുവനന്തപുരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്.ജനുവരി ആദ‍്യവാരത്തിൽ ഡ‍്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുമെന്ന് സൂചന ഉണ്ടായിരുന്നു.പിന്നീട് ഫെബ്രുവരിയിൽ തുറക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.എന്നാൽ ഏപ്രിലെങ്കിലും ആകാതെ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് വിമാനത്താവളത്തിലെ ഉന്നതവൃത്തങ്ങൾ പറയുന്നത്. 2018 മുതൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞുകിടക്കുകയാണ്.ഒന്നിലധികം ഷോപ്പുകൾ തുറക്കുമെന്നായിരുന്നു വാഗ്ദാനം.
രാജ‍്യാന്തര വിമാനത്തവളത്തിലെ ടെർമലിനുള്ളിൽ പൂട്ടിക്കിടക്കുന്ന പഴയ ഡ‍്യൂട്ടി ഫ്രീഷോപ്പിന് സമീപത്തായി പുതിയ ഡ‍്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.പഴയ ഡ‍്യൂട്ടി ഫ്രീ ഷോപ്പ് സംബന്ധിച്ച കേസ് കോടതിയിലുള്ളതുകാരണം ഇവിടെ പുതിയത് തുറക്കാൻ കഴിയില്ല.അതിനാലാണ് പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നത്.തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കണമെന്നത് രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുളള ആവശ്യമായിരുന്നു.
അദാനി ഗ്രൂപ്പും ഫ്ലമിംഗ്‌വേ കമ്പനിയുമായി ചേർന്നുള്ള പുതിയ കമ്പനിക്കാണ് ഡ‍്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് അവകാശം.മുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്ന പ്ലസ് മാക്സ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ട് കോപ്പികൾ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയാണ് മദ്യം ഇടനിലക്കാർ വഴി പുറത്തേക്ക് മറിച്ചുവിറ്റത്. ഇതിനെതിരെ നിരവധി പരാതി ഉയർന്നതിനെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ കുട്ടികൾ ഉൾപ്പെടെ 1300ലധികം രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ ചോർത്തിയെടുക്കുകയും അവരുടെ പാസ്പോർട്ട് കോപ്പികൾ ഉപയോഗിച്ച് മദ്യം മറിച്ചുവിറ്റെന്നും കണ്ടെത്തി.ആറ് കോടിയുടെ ക്രമക്കേടാണ് വെളിച്ചത്തുവന്നത്.ഇതിനിടെ പരിശോധന നടത്താനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഷോപ്പിലെ ജീവനക്കാർ മർദിച്ചെന്ന പരാതിയും ഉയർന്നു. പിന്നീട് ക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ കമ്പനി സി.ഇ.ഒയെയും ജീവനക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.