
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട സഹകരണസംഘങ്ങളിലൂടെ കർഷകരിൽ നിന്ന് കൊപ്ര സംഭരിക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. നാഫെഡായിരിക്കും കൊപ്ര സംഭരിക്കുന്ന ഏജൻസി. സഹകരണസംഘങ്ങളിലൂടെ കൊപ്ര സംഭരിച്ച് നാഫെഡിനു കൈമാറുന്നതിന് കേരഫെഡിനെയും മാർക്കറ്റ് ഫെഡിനെയും സ്റ്റേറ്റ് ലെവൽ ഏജൻസികളായി ചുമതലപ്പെടുത്തി. സംഭരണം ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ കൃഷി വകുപ്പ് സെക്രട്ടറി ചെയർമാനായും കൃഷി ഡയറക്ടർ കൺവീനറായും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാതലത്തിൽ കളക്ടർ ചെയർമാനായും പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായും മോണിറ്ററിംഗ് കമ്മിറ്റിയുണ്ടാകും. പ്രാദേശിക കൊപ്ര സംഭരണ / സംസ്‌കരണത്തിനുള്ള സഹകരണസംഘങ്ങളെ കേരഫെഡും മാർക്കറ്റ് ഫെഡും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയോടെ തിരഞ്ഞെടുക്കും. താങ്ങുവിലയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന കിലോയ്ക്ക് 105 രൂപ 90 പൈസ ആയിരിക്കും കർഷകർക്ക് ലഭിക്കുക. ഇതിനായി നാഫെഡ് ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പച്ച തേങ്ങ കൊപ്രയാക്കാൻ കഴിയാത്ത കർഷകരിൽ നിന്ന് പ്രാദേശിക സഹകരണ സംഘങ്ങൾ തൊണ്ട് കളഞ്ഞ പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കി ഏജൻസികൾക്ക് കൈമാറണം. കർഷകർ ബന്ധപ്പെട്ട കൃഷി ഓഫീസിൽ നിന്ന് ആവശ്യമായ സർട്ടിഫിക്കറ്റ് കൂടി സംഭരണ കേന്ദ്രത്തിൽ ഹാജരാക്കണം.