
വർക്കല: നൂറ്റാണ്ട് പഴക്കമുളള ഇടവ ജി.എം.യു.പി സ്കൂളിന് ശാപമോക്ഷം. സ്കൂളിലെ പ്രധാന കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തര നിവേദനങ്ങളെ തുടർന്ന് അഡ്വ. വി. ജോയി എം.എൽ.എ ഇടപെട്ട് ഒരു കോടി രൂപ ചെലവിൽ ഇരുനിലകെട്ടിടം നിർമ്മിച്ചു. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായിവിജയൻ നാടിനു സമർപ്പിച്ചു. സംസ്ഥാനത്ത് മറ്റ് 52 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഇടവ ജി.എം.യു.പി സ്കൂളിന്റെ കെട്ടിടവും ഉദ്ഘാടനം ചെയ്യപ്പെട്ടത്. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. അഡ്വ. വി. ജോയി എം.എൽ.എ സ്കൂൾ കെട്ടിടത്തിന്റെ പ്രാദേശികതല ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, വൈസ് പ്രസിഡന്റ് ശുഭ .ആർ.എസ്. കുമാർ, ജില്ലാപഞ്ചായത്തംഗം ഗീതാനസീർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ്. ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സതീശൻ, ഹർഷദ്സാബു, എസ്.എം.സി ചെയർമാൻ ആസാദ്. എം, പി.ടി.എ പ്രസിഡന്റ് സിന്ധു, എ.ഇ.ഒ ആർ. ബിന്ദു, ബി.പി.സി ദിനിൽ തുടങ്ങിയവർ പങ്കെടുത്തു.