
തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം 40ൽ നിന്ന് 45 ആക്കാൻ നേതൃതലത്തിൽ ധാരണ. ദളിത്-വനിതാ പ്രാതിനിദ്ധ്യം ഉയർത്തണമെന്ന് ഹൈക്കമാൻഡിൽ നിന്നുൾപ്പെടെ വന്ന നിർദ്ദേശം കണക്കിലെടുത്താണ് ഭേദഗതി. ദളിത്, വനിതാ വിഭാഗങ്ങളിൽ നിന്നായി പത്ത് പേർ സെക്രട്ടറിമാരാകും. ഇതുസംബന്ധിച്ച അവസാനവട്ട ആശയവിനിമയം നേതൃതലത്തിൽ തുടരുകയാണ്.
അതേസമയം ലഭിച്ച ഇരുന്നൂറോളം പേരുകളിൽ നിന്ന് 45 പേരിലേക്കെത്തിക്കുക എന്ന വെല്ലുവിളിയാണ് നേതൃത്വത്തിനുള്ളത്. ഡി.സി.സി ഭാരവാഹികളുടെ കരട് പട്ടിക ഇന്നലെ വൈകിട്ടോടെ എല്ലാ ജില്ലകളിൽ നിന്നും കെ.പി.സി.സിക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയാണ് ഒടുവിൽ കൈമാറിയത്.
വലിയ ജില്ലകളിൽ 25ഉം ചെറിയ ജില്ലകളിൽ 15ഉം ഭാരവാഹികളെയാണ് നിശ്ചയിക്കേണ്ടതെങ്കിലും ഓരോ ജില്ലയിലും 150 മുതൽ 200 വരെ പേരുള്ള പട്ടികയാണ് കൈമാറിയത്. കെ.പി.സി.സി നിഷ്‌കർഷിച്ച മാനദണ്ഡം കൃത്യമായി പാലിച്ചോ എന്നതടക്കം വിവിധ വശങ്ങളിലുള്ള സൂക്ഷ്മ പരിശോധന പ്രസിഡന്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടക്കുകയാണ്. സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ മകളുടെ വിവാഹം ഇന്നലെയായതിനാൽ അദ്ദേഹം അവധിയിലാണ്. മറ്റൊരു കെ.പി.സി.സി ജനറൽസെക്രട്ടറിയായ ജയന്താണ് പരിശോധനയ്‌ക്ക് സഹായിക്കുന്നത്.
ടി.യു. രാധാകൃഷ്ണന്റെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ ഇന്നുച്ചയോടെ കെ. സുധാകരൻ തൃശൂരിലേക്ക് പോകും. അവിടെ നിന്ന് കണ്ണൂരിൽ പോയി 12ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷമാകും തുടർചർച്ച. ഒരാഴ്ചയ്‌ക്കകം കെ.പി.സി.സി സെക്രട്ടറിമാരെയും ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നാണ് സൂചന.