കിളിമാനൂർ: ആശങ്ക അകലുന്നു, ജലജീവൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. യഥാസമയം ഉപഭോക്താക്കൾക്ക് ജലം ലഭിക്കുമോ എന്ന ആശങ്കയിൽ 'ജീവൻ വയ്ക്കാത്ത ജല ജീവൻ പദ്ധതി' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം പഴയകുന്നുമ്മൽ പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ ആരംഭിച്ച് ആറു മാസം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി പകുതി പോലുമായിരുന്നില്ല. പഞ്ചായത്തിൽ 17 വാർഡുകളിലായി 5809 കണക്ഷനാണ് നൽകേണ്ടത്. എന്നാൽ ഈ കണക്ഷൻ എല്ലാം സമബന്ധിതമായി പൂർത്തിയാക്കുമെന്ന് വാർത്തയെ തുടർന്ന് വാട്ടർ അതാറിട്ടിയും കോൺട്രാക്ടറും പ്രതികരിച്ചു.

33 ശതമാനത്തോളം കണക്ഷൻ നൽകി കഴിഞ്ഞു. എസ്റ്റിമേറ്റിൽ പ്രതിപാദിക്കുന്ന അളവിലുള്ള പൈപ്പ് ഉപയോഗിച്ചു തന്നെയാണ് കണക്ഷൻ നൽകുന്നത്. 19 കിലോമീറ്ററോളം വലിയ പൈപ്പാണ് ഇടേണ്ടത്. അതിൽ ഒൻപത് കിലോമീറ്ററോളം പൈപ്പ് ഇട്ടു. ബാക്കി ഇടുന്നതിനായി കുഴിയുമെടുത്തു. പി.ഡബ്ല്യൂ.സി, പ്രധാനമന്ത്രി സഡക് യോജനപ്രകാരം പണിത റോഡുകളിൽ കുഴി എടുക്കുന്നതിന് അവരിൽ നിന്ന് വാട്ടർ അതോറിട്ടി അനുമതി വാങ്ങി തരണം. കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കും

ഉണ്ണികൃഷ്ണൻ നായർ, കോൺട്രാക്ടർ

സമയബന്ധിതമായി പണി പൂർത്തിയാക്കും. നിലവിലെ കോൺട്രാക്ടർ സമീപ പഞ്ചായത്തുകളിൽ യഥാസമയത്ത് പണി പൂർത്തിയാക്കിയിട്ടുള്ള ആളാണ്. ദിവസവും 40 - 50 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. പൈപ്പ് ഇടുന്നതിനായി കുഴിയെടുക്കുന്നതിന് പി.ഡബ്ല്യു.ഡി യോട് അനുമതി തേടിയിട്ടുണ്ട്.

ശർമ്മ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ

33 ശതമാനത്തോളം പണി പൂർത്തിയായി. എസ്റ്റിമേറ്റിൽ പറയുന്ന തരത്തിലുള്ള പൈപ്പ് ലഭിക്കാത്തത് പണി തുടങ്ങുന്നതിന് കാലതാമസമുണ്ടാക്കി. സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിട്ടിയും കരാറുകാരനും അറിയിച്ചിട്ടുണ്ട്.

കെ.രാജേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്