
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ ഡാമുകൾ, പവർ സ്റ്റേഷനുകൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ സംസ്ഥാന വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ( എസ്.ഐ.എസ്.എഫ് ) നിയോഗിച്ച് പുനഃക്രമീകരിക്കുമ്പോൾ യാതൊരു അധികച്ചെലവും ഉണ്ടാവില്ലെന്ന് ഒൗദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.
ഇപ്പോൾ സുരക്ഷാ ചുമതലയുള്ള സായുധ പോലീസ് സേനയെ മാറ്റും. പകരം വിന്യസിക്കുന്ന എസ്.ഐ.എസ്.എഫ് വ്യവസായ സുരക്ഷയിൽ വിദഗ്ദ്ധ പരിശീലനം നേടിയ പ്രൊഫഷണൽ സേനയാണ്. നിലവിലുള്ള വിമുക്ത ഭടൻമാർ തുടരും.
ജീവനക്കാർക്കോ സന്ദർശകർക്കോ പ്രയാസമുണ്ടാകാതെ, എന്നാൽ വാണിജ്യ പ്രാധാന്യമുള്ളതും തന്ത്രപ്രധാനവുമായ ഭാഗങ്ങളിൽ അവശ്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാകും സുരക്ഷാ
സേനയുടെ വിന്യാസം.
ആകെ 321സുരക്ഷാ സേനാംഗങ്ങളാണ് ബോർഡിൽ ഉള്ളത്. പൊതു സന്ദർശന സമയമായ വൈകുന്നേരം 3 മുതൽ 6 വരെ ജീവനക്കാരല്ലാത്തവർക്ക് പാസ് ഏർപ്പെടുത്തും.
പോലീസിന്റെ സുരക്ഷാ ബില്ലുകൾ വകുപ്പിന്റെ വൈദ്യുതി ചാർജ്ജിൽ തട്ടിക്കിഴിക്കുകയാണ് ചെയ്തു പോരുന്നത്. കേന്ദ്ര, സംസ്ഥാന സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നാണ് എസ്.ഐ.എസ്.എഫ്. സേനയെ നിയോഗിക്കുന്നത്. കമ്പനി ആസ്ഥാനത്തുള്ള ഡേറ്റ സെന്റർ, കളമശ്ശേരിയിലും തിരുവനന്തപുരത്തുമുള്ള ലോഡ് ഡെസ്പാച്ച് സെന്ററുകൾ എന്നിവയും വ്യവസായ സുരക്ഷാ സേനയുടെ ചുമതലയിൽ വരും.
300 കോടി വിറ്റുവരവുള്ള സർക്കാർ ഓഹരി കമ്പനികളിൽ എസ്.ഐ.എസ്.എഫ്. സുരക്ഷ വേണമെന്ന സുരക്ഷാ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. രണ്ട് വർഷത്തിലധികമായി ഈ ശുപാർശകൾ ബോർഡിലുണ്ടെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
"പുതിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ അധികച്ചെലവില്ല. ആർക്കും തൊഴിൽ നഷ്ടമാകില്ല. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരു പ്രയാസവുമുണ്ടാകില്ല."
ഡോ.ബി.അശോക്,
കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ