
ആര്യനാട്: ചന്ദനമരങ്ങളും കറുവയും കർണികാരങ്ങളും അടങ്ങിയ നാനാതരം വൃക്ഷലതാദികൾ തണലിടമൊരുക്കി ആരണ്യകം തീർക്കുന്നതിനായി ആര്യനാട് പഞ്ചായത്തിൽ വിത്തെറിഞ്ഞു. മൂന്നര മാസംകൊണ്ട് തൈകൾ വളർത്തി പരിസ്ഥിതി ദിനത്തിൽ പദ്ധതിക്ക് തുടക്കമിടും. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കിയാണ് പദ്ധതി.
ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ തരിശു ഭൂമിയിൽ മണ്ണിളക്കി പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ വിത്തുപാകി. നാരകം, രക്തചന്ദനം, ചന്ദനം, തേക്ക്, നീർമരുത്, അശോകം, സീതപ്പഴം, നെല്ലി, പേര, കൂവളം, കുടംപുളി തുടങ്ങി 14 ഇനം തൈയാണ് ഇവിടെ മുളപ്പിക്കുന്നത്.15,000 തൈ ഉത്പാദിപ്പിക്കും. 30 തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിനായി രംഗത്തുള്ളത്. ആര്യനാട് പഞ്ചായത്തിലെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും അങ്കണവാടികളിലും തൈകൾ വിതരണം ചെയ്യും. പ്രധാന പാതയോരങ്ങളിൽ നട്ടുപിടിപ്പിക്കും. ഇവ പരിപാലിക്കാനാവശ്യമായ നടപടികളും സ്വീകരിക്കും.
മാറിവരുന്ന കാലാവസ്ഥകളിൽ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ബോദ്ധ്യപ്പെടുത്തുന്ന ക്ലാസുകൾ സംഘടിപ്പിക്കും. ചടങ്ങിൽ വാർഡ് അംഗം ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, വെള്ളനാട് ബി.ഡി.ഒ രഞ്ജിത്, ജോയിന്റ് ബി.ഡി.ഒ സുചിത്രൻ, പഞ്ചായത്ത് സെക്രട്ടറി മേബിൾ ഷീല, സ്കൂൾ പ്രിൻസിപ്പൽ വി.കെ. രഘു, വൈസ് പ്രിൻസിപ്പൽ ജ്യോതിഷ് ജലാൽ എന്നിവർ സംസാരിച്ചു.