attukal-

തിരുവന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേർച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം ഇന്ന് മുതൽ ആരംഭിക്കും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം നാളാണ് വ്രതം തുടങ്ങുന്നത്.

12 വയസ്സിന് താഴെയുള്ള ബാലന്മാർക്കാണ് കുത്തിയോട്ടം നടത്തിയിരുന്നത്. മുൻപ് 1000 ത്തോളം ബാലന്മാർ കുത്തിയോട്ടത്തിനായി ക്ഷേത്രത്തിൽ താമസിച്ച് വ്രതം നോറ്റിരുന്നു. കഴിഞ്ഞ വ‌ർഷത്തെപോലെ ഇക്കൊല്ലവും ഒരു കുട്ടി മാത്രമാണ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ വ്രതം നോൽക്കുന്നത്.
പൊങ്കാല മഹോത്സവത്തിന് ബുധനാഴ്ച തുടക്കമായതോടെ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലേക്ക് ഭക്തരുടെ തിരക്കുമേറി.
മുന്നിലെ പച്ചപ്പന്തലിൽ ദേവിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചാണ് ഇന്നലെ പാടിയത്. കോവലനും കണ്ണകിയുമായുള്ള വിവാഹത്തിന്റെ വർണനയാണ് ഇന്ന് പാടുക. ഈ ഭാഗം മാലപ്പുറം പാട്ടെന്നാണ് അറിയപ്പെടുന്നത്.