
ആറ്രുകാൽ ദേവീ ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റായി വി. ശോഭ
തിരുവനന്തപുരം: ആദ്യം പൊങ്കാല മഹോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ, പിന്നീട് ഉത്സവത്തിന്റെ ജനറൽ കൺവീനർ, ഇപ്പോൾ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ്. ഈ പദവികളൊക്കെ ആറ്റുകാലമ്മയുടെ അനുഗ്രഹം കൊണ്ട് ലഭിച്ചതാണെന്നാണ് വി. ശോഭ പറയുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 2016 മുതലാണ് ശോഭ പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് പബ്ലിസിറ്റി വിഭാഗം കൺവീനറായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റാകുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയാണ് ശോഭ. 2016ൽ വൈസ് പ്രസിഡന്റായ ഗിരിജാകുമാരിയാണ് ഈ പദവിയിലെത്തിയ ആദ്യ വനിത. കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച ശോഭ ഇപ്പോൾ മുഴുവൻ സമയവും ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതയാണ്. പൊങ്കാല ഉത്സവത്തിന് നേതൃത്വം നൽകുന്ന ആദ്യ വനിതാ ജനറൽ കൺവീനർ എന്ന സ്ഥാനം ആറ്റുകാൽ സ്വദേശി കൂടിയായ ശോഭയെത്തേടിവന്നതും ഒരു നിയോഗം പോലെയായിരുന്നു. ആറ്റുകാലമ്മയുടെ അനുഗ്രഹവും ട്രസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും ഉത്സവകമ്മിറ്റിയുടെയും സർവോപരി ഭക്തജനങ്ങളുടെയും പിന്തുണയും പ്രാർത്ഥനയും കാരണമാണ് പൊങ്കാല മഹോത്സവം എപ്പോഴും വിജയത്തിലെത്തുന്നതെന്നാണ് ശോഭ പറയുന്നത്. സർക്കാർ നിർദ്ദേശിച്ചതുപോലെ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ 200 പേരെന്നത് ഉചിതമല്ലാത്ത വ്യവ്യസ്ഥ ആയതിനാൽ ഇക്കൊല്ലവും ഭക്തർ പൊങ്കാല വീടുകളിൽ തന്നെ അർപ്പിക്കണമെന്നതാണ് നിലവിലെ തീരുമാനം. തന്നെ ഏറ്റവുമധികം അലട്ടുന്നതും ഭക്തരായ സ്ത്രീജനങ്ങൾക്ക് ദേവീസന്നിധിയിലും പരിസരത്തും പൊങ്കാലയിടാൻ സാധിക്കാത്തതാണെന്നും അവർ പറഞ്ഞു. പൊങ്കാലയെ ലോകപ്രശസ്തമാക്കിയതുതന്നെ സ്ത്രീഭക്തരാണ്. അവരുടെ നിറഞ്ഞ മനസ്സാണ് ദേവിക്കുള്ള ഏറ്റവും വലിയ നിവേദ്യം. പൊങ്കാലനാളുകളിൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്ത് സ്ത്രീഭക്തരുടെ തിരക്ക് തന്നെയാണെന്നും ശോഭ പറഞ്ഞു.