
വിഴിഞ്ഞം:കോവളം കടൽത്തീരത്ത് അടിഞ്ഞ അപൂർവ വസ്‌തു ആംബർഗ്രീസല്ലെന്ന് (തിമിംഗില ഛർദ്ദി) ലാബ് പരിശോധനയിൽ തെളിഞ്ഞതായി പരുത്തിപള്ളി റേഞ്ച് ഓഫീസർ ഷാജി ജോസ് പറഞ്ഞു. ഈ വസ്തു എന്താണെന്നതു സംബന്ധിച്ച വ്യക്തത വന്നിട്ടില്ല.നീലതിമിംഗിലവുമായി ബന്ധപ്പെട്ട അവശിഷ്ടമാകാമെന്നും എണ്ണത്തിമിംഗിലത്തിന്റേതാണ് ആംബർ ഗ്രീസെന്നും ലാബ് അധികൃതർ പറഞ്ഞു.കഴിഞ്ഞ ജനുവരി 12നാണ് കോവളം ഹവ്വാ ബീച്ചിൽ അപൂർവ്വ വസ്തു അടിഞ്ഞത്.ആംബർ ഗ്രീസ് ആണെന്ന സംശയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയിരുന്നു.സാമ്പിളുകൾ പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയച്ചിരുന്നു.അതിന്റെ ഡി.എൻ.എ ഫലമാണ് ഇപ്പോൾ വന്നത്.അപൂർവ വസ്‌തുവിന് 1.26 മീറ്റർ നീളവും 52കിലോ ഭാരവുമുണ്ട്. വനം വകുപ്പിന്റെ പരുത്തിപള്ളി റേഞ്ചിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.തുടർ നടപടികൾക്കായി ലാബ് റിപ്പോർട്ട് ഡി.എഫ്.ഒയ്ക്ക് നൽകും.