തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന്റെ രണ്ടാംദിനമായ ഇന്നലേയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനത്തിനായി ഭക്തർ ഒഴുകിയെത്തി. പൊങ്കാല വീടുകളിൽ ചുരുക്കുമെന്ന സൂചന ലഭിച്ചതോടെ ആ കുറവ് നികത്താൻ ഉത്സവദിനങ്ങളിൽ ക്ഷേത്രത്തിൽ സമയം ചെലവഴിക്കുകയാണ് ഭക്തർ. ക്ഷേത്രനടയിലും പരിസരത്തും തിരക്ക് ഏറിയതോടെ കർശന സുരക്ഷയും പരിശോധനയും ഉറപ്പാക്കുകയാണ് പൊലീസും വോളന്റിയർമാരും. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ഭക്തരും ശ്രദ്ധിക്കുന്നുണ്ട്. ആളുകൾ കൂടുതലായി വരുന്നുണ്ടെങ്കിലും ദർശനവേളയിൽ തിരക്ക് നിയന്ത്രിക്കാൻ വോളന്റിയർമാർക്കും പൊലീസിനും കഴിയുന്നുണ്ട്. ക്ഷേത്ര പരിസരത്തെ കടകമ്പോളങ്ങൾ ഇന്നലെയോടെ സജീവമായി. പൂജാസാധനങ്ങൾ, ശീതളപാനീയങ്ങൾ, വള, കമ്മൽ, മാല, കളിക്കോപ്പുകൾ തുടങ്ങിയവയുടെ കടകൾ ഉത്സവത്തിന്റെ ആകർഷണങ്ങളിൽ ഒന്നാണ്. മെയിൻ റോഡ് തുടങ്ങി ക്ഷേത്രം വരെയുള്ള വഴികളിലെയും ഇടനാഴികളിലെയും വൈദ്യുത-ദീപാലങ്കാരങ്ങളും ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു. അയ്യപ്പ സേവാസംഘത്തിന്റെ സൗജന്യ ചുക്കുവെള്ളം സ്റ്റാളും ഇന്നലെ പ്രവർത്തനമാരംഭിച്ചു.
ആറ്റുകാലിൽ ഇന്ന്
രാവിലെ 4.30ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. 5ന് അഭിഷേകം, 5.30 -6.15ന് ദീപാരാധന, 6.30ന് ഉഷ ശ്രീബലി, 6.45ന് കളഭാഭിഷേകം, 7.30ന് പന്തീരടിപൂജ, ദീപാരാധന, 8.30ന് കുത്തിയോട്ട വ്രതാരംഭം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30ന് ദീപാരാധന, 12.45ന് ഉച്ച ശ്രീബലി, 1ന് നട അടയ്ക്കൽ, വൈകിട്ട് 5ന് നട തുറക്കൽ, 6.45ന് ദീപാരാധന, 7.15ന് ഭഗവതിസേവ, 9ന് അത്താഴ ശ്രീബലി, 9.15ന് ദീപാരാധന, 1ന് നട അടയ്ക്കൽ എന്നിങ്ങനെയാണ് ചടങ്ങുകൾ. മധു ആശാന്റെ നേതൃത്വത്തിൽ കോവലനും ദേവിയുമായുള്ള വിവാഹം വർണ്ണിക്കുന്ന തോറ്റംപാട്ടും ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗം മാലപ്പുറം പാട്ടെന്നും അറിയപ്പെടുന്നു.