
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് അവഗണിക്കാനാവാത്ത തരത്തിൽ ഐ.എസ്.ആർ.ഒ മുന്നേറിയതായി ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ആകെ 194 ദൗത്യങ്ങൾ, 34 രാഷ്ട്രങ്ങളിലായി 342 ഉപഗ്രഹ വിക്ഷേപണങ്ങൾ എന്നിങ്ങനെ വലിയ നേട്ടങ്ങൾ ഐ.എസ്.ആർ.ഒ കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. 34ാം കേരള സയൻസ് കോൺഗ്രസിൽ മുഖ്യപ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വിക്ഷേപണ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, തുടർച്ചയായി ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹന നിർമ്മാണം, ലിക്വിഡ് ഓക്‌സിജൻ മീഥേൻ എൻജിൻ വികസനം, സെൽഫ് ഹീലിംഗ് സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഐ.എസ്.ആർ.ഒ ഗവേഷണം നടത്തിവരികയാണ്. മനുഷ്യരെ ബഹിരാകാശത്തേക്കു അയയ്‌ക്കുന്ന പദ്ധതിയിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ഗവേഷണമാണ് വിഭാവനം ചെയ്യുന്നത്. മനുഷ്യപേടകത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ബഹിരാകാശത്ത് ദീർഘകാല വാസത്തിന് ശേഷിയുള്ള വാഹനം നിർമ്മിക്കാനും 2030ന് ശേഷം മനുഷ്യനിയന്ത്രിത ഗ്രഹാന്തര യാത്രയ്‌ക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുമുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക മുന്നറിയിപ്പ്, ഭൂഗർഭ ജല സാദ്ധ്യതാ മാപ്പിംഗ്, വിളവർദ്ധനവിനുള്ള ഭൗമ ഡേറ്റാ, മത്സ്യമേഖലാ മാപ്പിംഗ് വഴി കൂടുതൽ മത്സ്യലഭ്യതയുള്ള പ്രദേശങ്ങളുടെ വിവരശേഖരണം, നഗര സർവേ, ജി.പി.എസ് സാങ്കേതിക വിദ്യ എന്നിങ്ങനെ അനവധി സാങ്കേതിക പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമവും ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.