
ന്യൂഡൽഹി / തിരുവനന്തപുരം: വോട്ടർമാർക്ക് പിഴവു സംഭവിച്ചാൽ ഉത്തർപ്രദേശ്, കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഭരണ, പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിലും വിവാദം.
ലോകം മാതൃകയായി കാണുന്ന കേരളത്തിനൊപ്പമെത്താൻ യു.പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വർഗീയരാഷ്ട്രീയത്തിന് വളരാനാകാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീർത്ത ശക്തമായ സാമൂഹികാടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ സ്ഥലമാണ്. കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക അവരുടെ അജൻഡയാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന് വീഡിയോ സന്ദേശത്തിലാണ് യോഗിയുടെ വിവാദ പരാമർശം. ഉത്തർപ്രദേശ് ബി.ജെ.പി വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. പിണറായി ഇംഗ്ലീഷിലും ഹിന്ദിയിലും ട്വിറ്ററിലൂടെ മറുപടി നൽകി. പിന്നാലെ വിശദമായ പ്രതികരണവും.
പിണറായിയുടെ പ്രതികരണം
ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കേരളത്തോട് കിടപിടിക്കുന്ന പുരോഗതി ആർജിക്കാൻ തക്ക 'ശ്രദ്ധക്കുറവു' ണ്ടാകട്ടെ എന്നാശിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുർദൈർഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശ് എല്ലാ സൂചികയിലും കേരളത്തിന്റെ നിലവാരത്തിൽ എത്തിയാൽ രാജ്യം തന്നെ വികസിത രാഷ്ട്രങ്ങൾക്കൊപ്പമാകും.
യോഗിയുടെ വീഡിയോ ട്വീറ്റ്
അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതങ്ങൾ ഇവിടെ സംഭവിച്ചു. നിങ്ങൾക്ക് അബദ്ധം പറ്റിയാൽ ഈ അഞ്ചു വർഷത്തെ കഠിനാദ്ധ്വാനം നശിച്ചുപോകും. ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പു നൽകുന്നു.
`കേരളീയരെപ്പോലെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ യു. പിയിലെ വോട്ടർമാർ ബി.ജെ.പിയെ പരാജയപ്പെടുത്തണം. യു പി കേരളം പോലെയായാൽ ബി.ജെ.പിയെ തോല്പിക്കുമെന്നുറപ്പാണ്.'
-സീതാറാം യെച്ചൂരി
സി.പി.എം ജനറൽ സെക്രട്ടറി