
തിരുവനന്തപുരം: കുറവുസ്ഥലത്ത് കൂടുതൽ ഉത്പാദനക്ഷമതയോടെ കൃഷിചെയ്യാൻ സഹായിക്കുന്ന അർക്ക വെർട്ടിക്കൽ ഗാർഡൻ ടെക്നോപാർക്കിൽ സ്ഥാപിച്ചു. ഹോർട്ടി കൾച്ചർ മിഷനുമായി കൈകോർത്തുകൊണ്ടാണ് ടെക്‌നോപാർക്കിന്റെ പുതിയ ഉദ്യമം. ടെക്‌നോപാർക്ക് നിള ബിൽഡിംഗിന് മുന്നിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡൻ വിവിധ പച്ചക്കറികൾ തൈകൾ നട്ട് ടെക്‌നോപാർക്ക് അസിസ്റ്റന്റ് ജനറൽ മാനേജർ (കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് ഐ.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ മാനേജർ അഭിലാഷ് ഡി.എസ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഗീതാകുമാരി .വി.എസ്, കൃഷിവകുപ്പ് ഫീൽഡ് അസിസ്റ്റന്റ് ഷുഹൈബ് എന്നിവർ വിവിധ പച്ചക്കറി തൈകൾ അർക്ക വെർട്ടിക്കൽ ഗാർഡനിൽ നട്ടു. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവെടുപ്പ് നടത്താവുന്ന അർക്ക വെർട്ടിക്കൽ ഗാർഡൻ മാതൃകാപരമായ കൃഷിരീതിയാണെന്ന് ഗാർഡൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വസന്ത് വരദ പറഞ്ഞു. ഹോർട്ടി കൾച്ചറൽ മിഷൻ പുറത്തിറക്കിയ അർക്ക വെർട്ടിക്കൽ ഗാർഡൻ ഈ മാസം 14 മുതൽ ഓൺലൈനിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഗീതാകുമാരി .വി.എസ് പറഞ്ഞു. നിലവിൽ സെക്രട്ടേറിയറ്റിലും നിയമസഭയിലും അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലും കുടപ്പനക്കുന്ന് കൃഷിവകുപ്പ് കർമസേന ഓഫീസിലും സ്ഥാപിച്ച അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ അടുത്തയാഴ്ച അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കും. ആകെ 340 യൂണിറ്റുകളാണ് ഹോർട്ടി കൾച്ചറൽ മിഷന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്. ഇതിൽ 10 എണ്ണം പൊതുസ്ഥലങ്ങളിലും 330 എണ്ണം വിവിധ സ്ഥാപനങ്ങളിലും സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിൽ വ്യാപകമായി അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കാനാണ് സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷൻ ഉദ്ദേശിക്കുന്നതെന്നും വി.എസ്. ഗീതാകുമാരി പറഞ്ഞു.