
തിരുവനന്തപുരം: കേരളത്തെ പോലെയാകാൻ വോട്ട് ചെയ്യൂവെന്ന് യു.പി ജനതയോട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ട്വിറ്ററിൽ അഭ്യർത്ഥിച്ചു. മദ്ധ്യകാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന വർഗീയഭ്രാന്തിന് പകരം ബഹുസ്വരതയെയും ഒരുമയെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെയും തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കാശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്. കേരളവും ബംഗാളും കാശ്മീരുമാകാൻ യു.പിക്ക് ഭാഗ്യം ലഭിക്കട്ടെയെന്നായിരുന്നു കോൺഗ്രസ് എം.പി ഡോ. ശശി തരൂരിന്റെ ട്വിറ്റർ പരിഹാസം. ബി.ജെ.പി അധികാരത്തിൽ വന്നില്ലെങ്കിൽ യു.പി കാശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് വോട്ടർമാരോട് പറയുന്നത്. കാശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യു.പിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. യു.പിയുടെ വിസ്മയം അവിടത്തെ സർക്കാരിനെക്കുറിച്ചുള്ള സഹതാപമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.
 കേരളം മാതൃകാസ്ഥാനം: ചെന്നിത്തല
കേരളം മാതൃകാ സംസ്ഥാനമാണെന്നും അതുപോലെയാകുന്നതിനാണ് ഉത്തർപ്രദേശുകാർ വോട്ട് ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ് കേരളമെന്ന ശ്രീനാരായണ ഗുരുവിന്റെ വരികൾ ഉദ്ധരിച്ച ചെന്നിത്തല, അത് ആദിത്യനാഥുമാർക്ക് ആലോചിക്കാൻ പോലും കഴിയുന്ന കാര്യമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 യോഗി തുറന്നുകാട്ടിയത് കേരളത്തിലെ ഭരണപരാജയം: കെ. സുരേന്ദ്രൻ
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ഭരണപരാജയമാണ് തുറന്നുകാട്ടിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. യോഗിയുടെ വിമർശനം കേരളത്തിനെതിരാണെന്ന് വരുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ആറു മണി വാർത്താസമ്മേളനങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ വിമർശിക്കാറുള്ള പിണറായി തിരിച്ചു വിമർശനം വരുമ്പോൾ പ്രാദേശികവികാരം കത്തിക്കുന്നത് ലജ്ജാകരമാണ്.
കേരളം എല്ലാത്തിലും നമ്പർ വണ്ണാണെന്ന് പറയുന്ന പിണറായി പിന്നെന്തിനാണ് ചികിത്സയ്ക്ക് അമേരിക്കയിൽ പോയത്?. കൊവിഡ് ടി.പി.ആർ 50 ശതമാനം വരെ എത്തിച്ച് നാണക്കേട് ഏറ്റുവാങ്ങിയതല്ലേ കേരളം. മരണനിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്ത്രീപീഡന കേസിലും എസ്.ടി - എസ്.സി അതിക്രമങ്ങളിലും കേരളം നമ്പർ വണ്ണാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലും സ്വർണ്ണക്കടത്തിൽ പെട്ടില്ലേ?. മതതീവ്രവാദികൾക്ക് എല്ലാസഹായവും ചെയ്യുകയാണ് സർക്കാർ. ഐ.എസ് റിക്രൂട്ട്മെന്റ് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.