തിരുവനന്തപുരം: പ്രസാർഭാരതി മേലാളന്മാർ പൂട്ടിക്കെട്ടിയ ജനപ്രിയ റേഡിയോ ചാനൽ അനന്തപുരി എഫ്.എം അതിന്റെ തനിമയോടെ പുനഃസംപ്രേഷണം ആരംഭിക്കാനുള്ള വഴി തെളിയുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണിത്.
ലക്ഷക്കണക്കിന് ശ്രോതാക്കൾക്ക് പ്രിയപ്പെട്ട അനന്തപുരി എഫ്.എം പൂട്ടിക്കെട്ടി പകരം തുടങ്ങിയ വിവിധ് ഭാരതി ചാനലിൽ ഹിന്ദി പരിപാടികൾ കുത്തിനിറച്ചതിനെക്കുറിച്ച് 'കേരളകൗമുദി' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയും 9ന് എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ ലേഖനവുമാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഇടപെടലിന് വഴിതെളിച്ചത്
വിവിധ് ഭാരതി മലയാളം യഥാർത്ഥ അനന്തപുരി എഫ്എം ആയി പുനർനാമകരണം ചെയ്യാനും ,അതിൽ മലയാളം ഉള്ളടക്കം തിരികെ കൊണ്ടുവരുവാനും വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുകനെ നേരിൽ കണ്ട് അദ്ദഹം അഭ്യർത്ഥിച്ചു. നിവേദനവും നൽകി.