
പാലോട്: അഞ്ചാം ദിനത്തിലേക്ക് കടക്കുന്ന 59 -ാമത് പാലോട് മേളയിൽ കന്നുകാലിച്ചന്തയ്ക്ക് പുറമെ നാടൻ കാർഷിക വിളകളുടെയും കരകൗശല ഉത്പന്നങ്ങളുടെയും വില്പനയും സജീവമായി. കാൽനൂറ്റാണ്ടായി മേളയിൽ സ്ഥിരം സാന്നിദ്ധ്യമായ രണ്ടു മാതൃകാ കർഷകർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചേന, ചേമ്പ്, നനകിഴങ്ങ്, കൂവക്കിഴങ്ങ്, അപൂർവയിനം മരച്ചീനി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിഭവങ്ങളുമായി മേളയെ സമൃദ്ധമാക്കിയത് പാലോട് കള്ളിപ്പാറയിൽ 77 കാരനായ കർഷകൻ റോബിൻസണും മൈലമൂട് സ്വദേശിയും 70 കാരനുമായ പ്രഭാകരൻ നായരുമാണ്. രണ്ടുപേരും കൃഷിവകുപ്പിന്റെ പട്ടികയിലെ പുരസ്ക്കാര ജേതാക്കളാണ്. കൃഷിഭവനിൽ നിന്ന് നൽകിയ എച്ച് 124 ഇനം മരച്ചീനിയുടെ അത്ഭുതപ്പെടുത്തുന്ന വിളവു പ്രദർശിപ്പിച്ചാണ് ഇരുവരും മേളയുടെ ഹൃദയം കവർന്നത്. ജൈവ പച്ചക്കറി വിഭവങ്ങളും പലതരം വിത്തുകളും ഇവരുടെ സ്റ്റാളുകളിൽ വില്പനയ്ക്കുണ്ട്. വർഷങ്ങളായി മൺകലങ്ങളും കരകൗശല ഉത്പന്നങ്ങളും വില്പനയ്‌ക്കെത്തിക്കുന്ന പാലോട് പാപ്പനംകോട് സ്വദേശി നസീമാബീവിയും ഭർത്താവ് ഹുസൈനും ഇത്തവണയും മേളയ്ക്കുണ്ടായിരുന്നു. കന്നുകാലിച്ചന്തയിൽ ലക്ഷങ്ങളുടെ വ്യാപാരമാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ നടന്നത്. കുടിമാടുകളും പാണ്ടിമാടുകളും കിഴക്കൻ മാടുകളും പോത്തുകുട്ടികളും വാങ്ങാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് കർഷകർ എത്തുന്നുണ്ട്. കൊവിഡ് കാലത്ത് പുതിയ മാതൃകയും പ്രതീക്ഷയും സമ്മാനിച്ച പാലോട് മേള 13ന് സമാപിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ അരങ്ങേറുന്ന അനുബന്ധ സെമിനാറുകളിലും സർഗാത്മക പ്രതിഭകളുടെ സംഗമത്തിനും സാക്ഷ്യംവഹിക്കാൻ നൂറുകണക്കിന് പേരാണ് ദിവസേന മേളയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും യൂട്യൂബ് ചാനലും സന്ദർശിക്കുന്നത്. ഓൺലൈനിൽ സംഘടിപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരവും പൊതുവിഭാഗത്തിലുള്ളവരുടെ കഥാരചനാ മത്സരങ്ങളും 13ന് നടക്കുമെന്ന് കൺവീനർ അറിയിച്ചു. പങ്കെടുക്കുന്നവർ 9946593343 എന്ന നമ്പരിൽ ബന്ധപ്പെടണം. മൃഗസംരക്ഷണ വകുപ്പിന്റെ അത്യുത്പാദന ശേഷിയുള്ള മുട്ടക്കോഴികൾ 12ന് മേളയിൽ വിതരണം ചെയ്യും.