test-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്കു കുറച്ച് സർക്കാർ ഉത്തരവായതിന് പിന്നാലെ സ്വകാര്യ ലാബുകളും പുതിയ നിരക്ക് ഈടാക്കി തുടങ്ങി. എന്നാൽ ഇത് വൻ നഷ്‌ടമുണ്ടാക്കുമെന്നും തങ്ങളുടെ പ്രശ്നം സർക്കാർ പരിഗണിക്കുന്നില്ലെന്നും ലാബുടമകൾ പറയുന്നു. നേരത്ത ആർ.ടി.പി.സി.ആറിന് 500 രൂപയും ആന്റിജന് 300 രൂപയുമായിരുന്നത് ഇപ്പോൾ യഥാക്രമം 300,100 എന്നിങ്ങനെയാണ് കുറച്ചത്.

എന്നാൽ ലാബുകൾ ഉയർന്ന വിലയുള്ള കിറ്റുകളാണ് വാങ്ങി ശേഖരിച്ചിരുന്നത്. പെട്ടെന്ന് വില കുറച്ചപ്പോൾ ഈ കിറ്റുകൾ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ പരിശോധന നടത്തേണ്ടിവരുന്നത് നഷ്ടമുണ്ടാക്കുമെന്ന് ലാബുടമകൾ പറയുന്നു. ബയോ സെൻസർ, തെർമോ തുടങ്ങിയ ആർ.ടി.പി.സി.ആർ കിറ്റുകളാണ് ഇപ്പോൾ കൂടുതലായി ലാബുകളുടെ കൈവശമുള്ളത്. കമ്പനികൾ കുറഞ്ഞ നിരക്കിൽ ഇവ ലഭ്യമാക്കിയില്ലെങ്കിൽ പരിശോധനയുമായി മുന്നോട്ടുപോകാനാകില്ലെന്നും ലാബുടമകൾ വ്യക്തമാക്കി. എന്നാൽ വിപണിയിൽ കിറ്റുകൾക്ക് കമ്പനികൾ നിരക്ക് കുറച്ച സാഹചര്യത്തിൽ ലാബുടമകളുമായി ചർച്ചചെയ്ത ശേഷമാണ് പരിശോധനാ നിരക്കിൽ മാറ്റം വരുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.