photo1

പാലോട്: നന്ദിയോട് കുടിവെള്ള പ്ലാന്റിലെ ഓവർഹെഡ് ടാങ്കുകളുടെ നിർമ്മാണം വൈകുന്നതായി പരാതി. വേനൽക്കാലത്തിന്റെ തുടക്കത്തിൽത്തന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതോടൊപ്പം റോഡ് വികസനത്തിന്റെ പേരിലുള്ള പ്രവർത്തനങ്ങൾക്കിടെ കുടിവെള്ള പൈപ്പുകൾ പലയിടത്തും പൊട്ടിയതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.

പന്ത്രണ്ട് വർഷം മുൻപ് 60 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതിയുടെ ഭൂരിഭാഗവും പൂർത്തിയായിട്ടും ടാങ്ക് നിർമ്മാണം വൈകുന്നത് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിനീരെന്ന സ്വപ്നം അകലെയാക്കുകയാണ്. പദ്ധതി കൊണ്ട് ഏറെ പ്രയോജനം ചെയ്യുന്ന മൂന്നു സ്ഥലങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ട് സ്ഥലങ്ങൾ ആനാട് ഗ്രാമപഞ്ചായത്തിലുമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹാത്തോടെയാണ് പദ്ധതി നടത്തിപ്പ്. നിശ്ചയിച്ച പ്രകാരം പദ്ധതി പൂർത്തീകരിക്കുകയാണെങ്കിൽ നഗരത്തിലേതുപോലെ ശുദ്ധമായ കുടിവെള്ളം ഗ്രാമപ്രദേശങ്ങളിലും എത്തിക്കാനാകും. എന്നാൽ 64 കിലോമീറ്റർ പൈപ്പ് ലൈൻ ഇടേണ്ടതുണ്ട്. ഏറക്കുറെ പൂർത്തിയായിട്ടുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഇതുവരെ പൈപ്പ് ലൈൻ എത്തിയിട്ടില്ലെന്നാണ് പരാതി. കൂടാതെ പി.ഡബ്ലിയു.ഡി ഉടമസ്ഥതയിലുള്ള റോഡ് ക്രോസ് ചെയ്ത് പൈപ്പ് സ്ഥാപിക്കാനുള്ള നടപടിയും ഇതുവരെ ഉണ്ടായില്ല. ഇതും പദ്ധതി ഇനിയും നീളാൻ കാരണമാകും.


കുടിവെള്ള പദ്ധതി ഇതുവരെ

സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ളാഷ് മിക്സർ, ക്ലാരിഫയർ ഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. കുടിവെള്ളമെത്തിക്കുന്നതിനായി പാലോട് പുതിയ പമ്പ് ഹൗസും നിർമിച്ചു. ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം അവസാന ഘട്ടത്തിൽ


പ്രധാന തടസം

ആനക്കുഴി, വലിയ താന്നിമൂട്, ആലുങ്കുഴി, ചുള്ളിമാനൂർ, കൈതക്കാട് എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ട ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം പൂർത്തിയാകാത്തത്. ഓവർഹെഡ് ടാങ്കുകളുടെ നിർമ്മാണത്തിനായി ആലുങ്കുഴിയിലും താന്നിമൂട്ടും ആനക്കുഴിയിലും വാട്ടർ അതോറിട്ടിക്ക് നന്ദിയോട് പഞ്ചായത്ത് സ്ഥലം വാങ്ങി നൽകിയിട്ടുണ്ട്. ഇതിൽ ആനക്കുഴിയിൽ ഓവർഹെഡ് ടാങ്ക് നിർമ്മാണം ഏകദേശം പൂർത്തിയായി. ആലുങ്കുഴിയിൽ നിർമ്മാണ ടെൻഡർ നടപടി പൂർത്തിയായി, നിർമ്മാണം തുടങ്ങിയിട്ടില്ല. മറ്റു സ്ഥലങ്ങളിൽ നിലവിൽ ഒരു പ്രവർത്തനവും നടക്കുന്നില്ല.

പദ്ധതി ആരംഭിച്ചത് 2009ൽ

അനുവദിച്ച തുക . 60 കോടി


വാട്ടർ അതോറിട്ടിക്ക് കൈമാറിയ ഭൂമി

ആലുങ്കുഴിയിൽ 15 സെന്റ് (7 ലക്ഷം രൂപ)

താന്നിമൂട് 15 സെന്റ് (15 ലക്ഷം രൂപ)

ആനക്കുഴി 10 സെന്റ് (5 ലക്ഷം രൂപ)


നന്ദിയോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജാ രാജീവൻ പറയുന്നു

2022 ഓഗസ്റ്റിൽ കുടിവെള്ളം ലഭ്യമാകും എന്നാണ് മനസിലാക്കുന്നത്. മാർച്ച് മുതൽ ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷമാകുന്ന പ്രദേശങ്ങളാണ് നന്ദിയോട് പഞ്ചായത്തിലെ മിക്ക വാർഡുകളും. അടിയന്തര പ്രാധാന്യത്തോടെ പൈപ്പിടൽ ജോലി പൂർത്തിയാക്കി കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടിയാണ് വാട്ടർ അതോറിട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.