ksidc

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്‌.ഐ.ഡി.സി) നിക്ഷേപകർക്കുള്ള വായ്പയുടെ പലിശ നിരക്ക് അര ശതമാനം കുറച്ചു. ഇളവ് പ്രാബല്യത്തിൽ വന്നതോടെ പലിശ നിരക്കിന്റെ ഏറ്റവും കുറഞ്ഞ സ്ലാബ് 7.75 ശതമാനമായി താഴ്ന്നു. വ്യാവസായിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പലിശനിരക്കിൽ ഇളവു വരുത്താൻ കോർപ്പറേഷൻ ബോർഡ് യോഗം തീരുമാനിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം പറഞ്ഞു.

ഈ സാമ്പത്തിക വർഷാവസാനത്തോടെ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളിൽ വിവിധ സ്‌കീമുകളിലായി കുറഞ്ഞത് 300 കോടി രൂപ ധനസഹായം വിതരണം ചെയ്യാനാണ് കെ.എസ്‌.ഐ.ഡി.സി പദ്ധതിയിട്ടിരിക്കുന്നത്. 500 സംരംഭകരെ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിക്ക് പുറമെ, കാരവൻ ടൂറിസം പോലുള്ള പദ്ധതികൾക്കും കെ.എസ്‌.ഐ.ഡി.സി സാമ്പത്തിക സഹായം നൽകുന്നുണ്ട്.