
വാമനപുരം:നിരവധി അബ്കാരി കേസുകളിലെ പ്രതി വെള്ളാണിക്കൽ വട്ടവിള വീട്ടിൽ ചന്ദ്രക്കുറുപ്പ് പിടിയിലായി.എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് കോടതി വാറണ്ടിനെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ വെള്ളാണിക്കൽ വനദുർഗ ദേവി ക്ഷേത്രത്തിനു സമീപത്തുള്ള പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.തലേന്ന് വാറ്റിയ ചാരായവും വാറ്റുപകരണങ്ങളും കോടയും കണ്ടെടുത്തു. വാമനപുരം കഴക്കൂട്ടം എക്സൈസ് ഓഫീസുകളിലും പൊലീസ് സ്റ്റേഷനിലും ചന്ദ്ര കുറുപ്പിന്റെ പേരിൽ നിരവധി അബ്കാരി കേസുകളുണ്ട്.ഈ കേസുകളിലൊന്നും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.വെള്ളാണിക്കൽ പാറമുകൾ മേഖലയിൽ വിനോദസഞ്ചാരികൾ എന്ന വ്യാജേന എത്തുന്നവർക്കും മറ്റുമാണ് പ്രതി ചാരായം വിൽപ്പന നടത്തിയിരുന്നത്.എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.ഡി.പ്രസാദ്,സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ,ഡ്രൈവർ സലിം എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.