theliveduppinu-konduvanna

കല്ലമ്പലം: മുള്ളറംകോട് കാവുവിളയിൽ നടന്ന കൊലപാതകം, ആത്മഹത്യ എന്നീ സംഭവങ്ങളിൽ പിക്കപ്പ് വാൻ കയറ്റി സുഹൃത്തുക്കളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി മണമ്പൂർ കണ്ണങ്കര പുന്നക്കാട്ട് വീട്ടിൽ സജീവ്‌ കുമാറിനെ കഴിഞ്ഞദിവസം കല്ലമ്പലം സി.ഐ ഐ. ഫിറോസിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ജനുവരി 31, ഫെബ്രുവരി 1 തീയതികളിലാണ് സംഭവങ്ങൾ അരങ്ങേറിയത്. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായിരുന്ന തമ്പിയെന്ന അജികുമാറിനെ കഴിഞ്ഞ 31ന് പുലർച്ചെ കുത്തേറ്റ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. അന്നേദിവസം വൈകിട്ട് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച സംഘം പിരിഞ്ഞുപോകുമ്പോൾ സംഘത്തിലുണ്ടായിരുന്ന സജികുമാർ സുഹൃത്തുക്കളായ അജിത്തിനെയും പ്രമോദിനെയും പിക്കപ്പ് വാൻ കയറ്റി കൊല്ലാൻ ശ്രമിക്കുകയും അജിത്ത് കൊല്ലപ്പെടുകയും ചെയ്തു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമോദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഫെബ്രുവരി ഒന്നിന് രാവിലെ അജികുമാറിനെ കൊലപ്പെടുത്തിയ ആളെന്ന് കരുതുന്ന സുഹൃത്തും അയൽവാസിയുമായ ബിനുരാജ് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവങ്ങളിൽ ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. കൊല്ലപ്പെട്ട അജികുമാറിന്റെ രക്തം ഉൾപ്പെടെ വീട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളും ബിനുരാജിന്റെ മൃതദേഹത്തിൽ നിന്നും വീട്ടിലും ജിംനേഷ്യത്തിൽ നിന്നും ശേഖരിച്ച തെളിവുകളുമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. അജികുമാറിന്റെ മരണവുമായി സജീവ്‌കുമാറിന് ബന്ധമുണ്ടെന്ന കൂട്ടുകാരുടെ ആരോപണമാണ് ഇയാളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്. സജീവ്കുമാറിന് അജികുമാറിന്റെ മരണവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ആത്മഹത്യ ചെയ്ത ബിനുരാജിന്റെ കൊലപാതകത്തിലുള്ള പങ്ക് ഏതു രീതിയിലാണ് എന്ന അന്വേഷണമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ബിനുരാജിന്റെ ജിംനേഷ്യത്തിൽ നിന്ന് ഒരു കത്തി പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ ഇത് കൊലപാതകത്തിന് ഉപയോഗിച്ചോ എന്ന് വ്യക്തമല്ല. അത് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ. അജികുമാർ മരിച്ച സ്ഥലത്ത് നിന്നുള്ള രക്ത സാമ്പിളും ബിനുരാജ് ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്ന് ലഭിച്ച രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ നിർണ്ണായകമാണ്. സംഭവത്തിൽ ബിനുരാജിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.