yogi-adithyanadh

യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടർമാർക്കു നൽകിയ സന്ദേശത്തിലെ ഒരു പരാമർശം അദ്ദേഹത്തെ തിരിഞ്ഞുകൊത്തുകയാണ്. വോട്ടർമാർക്കു പിഴവുപറ്റിയാൽ ഉത്തർപ്രദേശ് കേരളമോ ബംഗാളോ കാശ്മീരോ ആയി മാറുമെന്നാണ് ആദിത്യനാഥ് തട്ടിവിട്ടത്. ഈ പരാമർശത്തിലൂടെ യഥാർത്ഥത്തിൽ യു.പി മുഖ്യമന്ത്രി എന്താണുദ്ദേശിച്ചതെന്ന് സ്ഥിരബുദ്ധിയുള്ളവർക്കു മനസിലാകുന്നില്ല. ആലോചിച്ച് സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെങ്കിൽ യു.പി കേരളമോ ബംഗാളോ കാശ്മീരോ ആയി മാറുമെന്ന് പറയുമ്പോൾ ഈ മൂന്നു സംസ്ഥാനങ്ങളിലും ജനാധിപത്യത്തിനും സംസ്കാരത്തിനും നിരക്കാത്ത എന്തൊക്കെയോ നടക്കുന്നുവെന്ന് അദ്ദേഹം കരുതുന്നതായി തോന്നുന്നു. യു.പി എന്ന തന്റെ സാമ്രാജ്യത്തിനപ്പുറത്തെ കാഴ്ചകൾക്കു നേരെ മനഃപൂർവം കണ്ണടച്ചുവച്ചാൽ സ്വാഭാവികമായും തോന്നാവുന്ന മതിഭ്രമമായി യോഗിയുടെ പരാമർശത്തെ കണ്ടാൽമതി. എന്നാൽ അതിനു പിന്നിലെ വിഷലിപ്തമായ ഗൂഢലക്ഷ്യം കാണാതിരുന്നുകൂടാ. രണ്ടാം ഉൗഴത്തിനായി പെടാപ്പാടുപെടുന്ന യോഗിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കേരളത്തെയും ബംഗാളിനെയും ലവലേശം പിടിക്കാത്തതിന് രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് തീർച്ച. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ ഒരു സീറ്റു പോലും നേടാൻ യോഗിയുടെ പാർട്ടിക്കു സാധിച്ചില്ല. 2016-ലെ തിരഞ്ഞെടുപ്പിലാണ് കേരള ചരിത്രത്തിൽ ആദ്യമായി നിയമസഭയിൽ ബി.ജെ.പിക്ക് പേരിനെങ്കിലും ഒരു പ്രാതിനിദ്ധ്യം ലഭിച്ചത്. ബംഗാളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂലിനെ പുറത്താക്കി ഭരണം പിടിക്കുമെന്ന് വീമ്പിളക്കിയവർ 77 സീറ്റുമായി പ്രതിപക്ഷത്തു തന്നെ ഇരിക്കേണ്ടിവന്നു. മുൻപത്തേതിൽ നിന്ന് നാലുസീറ്റ് അധികം നേടി (215 സീറ്റ്) മമതാ ബാനർജി മൂന്നാംവട്ടം അധികാരത്തിൽ തുടരുകയും ചെയ്തു. യോഗിയുടെ ഇച്ഛാഭംഗം അദ്ദേഹത്തിന്റെ വിവാദ പരാമർശത്തിൽ പ്രകടമാണ്.

യു.പിയിലെ ജനങ്ങൾ തന്റെ പാർട്ടിയെ കൈവിട്ടാൽ യു.പി കേരളത്തെപ്പോലെയോ ബംഗാളിനെപ്പോലെയോ ആകുമെന്നു മുന്നറിയിപ്പു നൽകിയ യോഗി ഈ രണ്ടു സംസ്ഥാനങ്ങളും ജീവിക്കാൻ കൊള്ളാത്ത ഇടങ്ങളാണെന്നാണോ അർത്ഥമാക്കിയത് ?​

ഏതു നിലയ്ക്കു നോക്കിയാലും രാജ്യത്ത് ഏറ്റവും സമാധാനം പുലരുന്ന സംസ്ഥാനമെന്ന ഖ്യാതി പണ്ടേ സ്വായത്തമാക്കിയ സംസ്ഥാനമാണ് കേരളം. വളർച്ചയുടെയും പുരോഗതിയുടെയും കാര്യത്തിലും കേരളം മുന്നിൽത്തന്നെയാണ്. ഏറ്റവും ഉയർന്ന സാക്ഷരത, വിദ്യാഭ്യാസ - മെഡിക്കൽ സൗകര്യങ്ങൾ, ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, ഏറ്റവും മികച്ച ഭരണനിർവഹണം തുടങ്ങി അഖിലേന്ത്യാ സൂചികകളിൽ പ്രഥമ സ്ഥാനങ്ങളിലെത്താറുള്ളതും കേരളമാണ്. ഇവിടത്തെ മതസൗഹാർദ്ദാന്തരീക്ഷവും രാജ്യമാകെ പ്രകീർത്തിക്കപ്പെടുന്നു. സാമൂഹിക ജീവിതത്തിന്റെ എല്ലാ സൂചികകളിലും ആഗോളതലത്തിൽ പോലും പ്രശംസിക്കപ്പെടുന്ന കേരളത്തെ നിന്ദിച്ചിട്ടു വേണ്ടിയിരുന്നില്ല യോഗിയുടെ വോട്ടുപിടിത്തം.

യോഗിയുടെ അധിക്ഷേപത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കേരളം ഒന്നടങ്കം തൽക്ഷണം തക്ക മറുപടി നൽകാൻ മുന്നോട്ടുവന്നത് അഭിനന്ദനാർഹമാണ്. കേരളത്തിനൊപ്പമെത്താൻ യു.പിയിലെ മാത്രമല്ല പഴമയുടെ മാറാപ്പും പേറിനിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളും ആഗ്രഹിക്കുന്നു എന്നതിൽ തർക്കമില്ല. യോഗിയെപ്പോലുള്ളവരെ രാഷ്ട്രീയമായി ഭയപ്പെടുത്തുന്നതും ഈ യാഥാർത്ഥ്യമാകാം.

ജനത്തെ വരുതിക്കു കൊണ്ടുവരാൻ നേതാക്കൾ തങ്ങളുടെ സാമർത്ഥ്യം പുറത്തെടുക്കും. എന്നാൽ വാവിട്ട വാക്കുകൾ അന്തരീക്ഷത്തിൽത്തന്നെ തങ്ങിനിൽക്കുമെന്നും അത് തിരിഞ്ഞുകൊത്തുമെന്നും തിരിച്ചറിയണം. അണിയുന്ന കാവിയുടെ വിശുദ്ധിയൊന്നും തൊട്ടുതീണ്ടാത്തതാണ് കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകൾ. നിന്ദാർഹമായ ഈ പരാമർശത്തിന്റെ പേരിൽ കേരള ജനതയോട് അദ്ദേഹം ക്ഷമാപണം നടത്തേണ്ടതാണ്.