photo

പാലോട്: നിരവധി യുവാക്കളുടെ കായിക സ്വപന സാക്ഷാത്കാരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം ചെളിക്കുണ്ടായി. പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരിക്കാനായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഒൻപതര ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് 50000 രൂപയും അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ സ്റ്റേഡിയത്തിനാണ് ഈ ഗതി.

നിർമ്മാണ പ്രവർത്തനങ്ങളുടെ മേന്മകൊണ്ട് വർഷങ്ങളായി കായിക പരിശീലനം നടത്തിയവർ എല്ലാം ഉപേക്ഷിച്ച് മുങ്ങി. സ്റ്റേഡിയത്തിന് സമീപത്തായുള്ള വാട്ടർ അതോറിട്ടിയുടെ ജലസംഭരണിയിൽ വെള്ളം ഓവർ ഫ്ലോയാകുമ്പോൾ ഒഴുകാൻ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഓടയിൽ 160 മീറ്ററോളം സ്ലാബിട്ട് മൂടി പത്തുലക്ഷം രൂപയുടെ നവീകരണം പൂർത്തിയായി.

നിലവിൽ എന്ത് ലക്ഷ്യം വച്ച് നിർമ്മാണം തുടങ്ങിയോ ആ പ്രശ്നം ഒട്ടും പരിഹരിക്കാനും കഴിഞ്ഞില്ല. സ്റ്റേഡിയം വെള്ളത്തിലുമായി. ഓടയിൽ കൂടി വെള്ളം ഒഴുകാത്ത നിലയിലാണ്. പത്തുലക്ഷം അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് കായിക പ്രേമികൾ പരാതിപ്പെടുന്നു. എന്നാൽ ഈ പദ്ധതി നടത്തിപ്പിൽ വൻ അഴിമതിയാണ് നടന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ വിജിലൻസിന് പരാതി നൽകുമെന്നും വാർഡ് അംഗം നന്ദിയോട് രാജേഷ് പറഞ്ഞു.