
ആകാശവാണിയുടെ തിരുവനന്തപുരം സ്റ്റേഷൻ നടത്തിയിരുന്ന അനന്തപുരി എഫ്.എം എന്ന റേഡിയോ ചാനൽ പല പ്രത്യേകതകളാലും ജനപ്രിയമായിരുന്നു. മറ്റ് റേഡിയോ ചാനലുകളുടെ മത്സരത്തിനിടയിൽപ്പെടാതെ, ശ്രോതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള ഗിമ്മിക്കുകൾ കാണിക്കാതെ നിലവാരത്തിൽ ഉയർന്ന തലം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഇത്രയും നാൾ അനന്തപുരി എഫ്.എം ഇവിടെ ഉണ്ടായിരുന്നത്. പ്രായമായവരും ചെറുപ്പക്കാരുമൊക്കെ വളരെ കൗതുകപൂർവം ശ്രവിച്ചിരുന്ന ആ റേഡിയോ ചാനൽ പ്രസാർ ഭാരതി ഒരു ദിവസം മതിയാക്കി. തിരുവനന്തപുരം നഗരത്തിന്റെ നാമത്തിലുള്ള എഫ്.എം പൂട്ടിക്കെട്ടുന്നത് കുറഞ്ഞപക്ഷം ഇവിടെ നിന്നുള്ള എം.പിയെ എങ്കിലും അറിയിക്കേണ്ടതായിരുന്നു. ആരെയും അറിയിക്കാതെ എഫ്.എം നിറുത്തുകയും പകരം തുടങ്ങിയ വിവിധ് ഭാരതി ആകാശവാണി മലയാളം എന്ന പേരിലാക്കിയ ചാനലിൽ ഹിന്ദി പരിപാടികൾ കുത്തിനിറയ്ക്കുകയും ചെയ്തു. പ്രസാർഭാരതി തമിഴ്നാട്ടിലെ എഫ്.എമ്മിൽ കൈവച്ചില്ല. അവിടെ തമിഴ് പാട്ടുകൾ മാറ്റി സദാ ഹിന്ദി കേൾപ്പിച്ചുകൊണ്ടിരുന്നാൽ ജനം പ്ര തികരിക്കുമെന്ന് ഡൽഹിയിൽ ഇരിക്കുന്നവർക്ക് അറിയാം. കേരളത്തിനോട് എന്തുമാകാം എന്ന സമീപനം കൊണ്ടാണോ മറ്റ് എഫ്.എം ചാനലുകളെ സഹായിക്കാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്തതെന്ന് അറിഞ്ഞുകൂടാ. ഭാഷാശുദ്ധി പുലർത്തിയിരുന്ന അനന്തപുരി എഫ്.എമ്മിനെയാണ് വളരെ പഴയ ഗാനങ്ങൾ കേൾക്കാൻ പലരും ആശ്രയിച്ചിരുന്നത്. അതാണ് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത്. ഇതിനെതിരെ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് തന്റെ സ്വതസിദ്ധമായ രീതിയിലുള്ള ഭാഷാനിലവാരം പുലർത്തിക്കൊണ്ട് കേരളകൗമുദിയിൽ എഴുതിയ ലേഖനത്തിലൂടെ ശക്തമായി പ്രതികരിച്ചത്. തലസ്ഥാന നഗരത്തിന്റെ പേരോടുകൂടി വിരാജിച്ചിരുന്ന ഒരു ചാനലിന്റെ പേരും ഘടനയും സ്വഭാവവും മാറ്റുമ്പോൾ ആരോടും ചോദിക്കില്ല എന്ന അവസ്ഥ അപമാനകരമാണെന്നും ആത്മാഭിമാനത്തോടെ മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ലേഖനത്തിൽ എടുത്തുപറഞ്ഞിരുന്നു. 2005 നവംബർ ഒന്നിന് തുടങ്ങിയ അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം ഈ വർഷം ജനുവരി ഒന്നിന് മതിയാക്കിയപ്പോൾ 45 ലക്ഷത്തോളം പ്രിയ ശ്രോതാക്കളെയാണ് ഒറ്റയടിക്ക് ആകാശവാണി നഷ്ടപ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലും അനന്തപുരി എഫ്.എം ലഭിക്കുമായിരുന്നു. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമേ ഓരോ മണിക്കൂറിലും പ്രധാന വാർത്തകളും കേൾക്കാമായിരുന്നു. ഇതുകൂടാതെ തീവണ്ടി സമയം, ട്രാഫിക് മാറ്റങ്ങൾ, ജലവിതരണത്തിലെ തടസങ്ങൾ തുടങ്ങി ശ്രോതാക്കൾക്ക് പ്രയോജനകരമായ പല കാര്യങ്ങളും യാതൊരു കച്ചവടതാത്പര്യവും കുത്തിച്ചെലുത്താതെ നൽകിയിരുന്നു. അനന്തപുരി എഫ്.എം നിറുത്തിയത് സംബന്ധിച്ച് ഞങ്ങൾ പ്രസിദ്ധീകരിച്ച രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ അനന്തപുരി എഫ്.എം പ്രക്ഷേപണം വീണ്ടും തുടങ്ങുമെന്നും കോഴിക്കോട്ട് റിയൽ എഫ്.എം ഇതുപോലെ നിറുത്തലാക്കിയത് ശ്രോതാക്കളുടെയും രാഷ്ട്രീയ പ്രമുഖരുടെയും എതിർപ്പിനെത്തുടർന്ന് പിൻവലിച്ചെന്നുമായിരുന്നു ഞങ്ങൾ ചൂണ്ടിക്കാട്ടിയത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രശ്നത്തിൽ ഇടപെടുകയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എൽ. മുരുകന് നിവേദനം നൽകുകയും ചെയ്തതോടെ അനന്തപുരി എഫ്.എം പുനഃസ്ഥാപിച്ചുകിട്ടാനുള്ള വഴികൾ തുറന്നിരിക്കുകയാണ്.