
പൂവാർ: പ്രതീക്ഷകൾക്ക് വർണച്ചിറകുകൾ വിടർത്തി പൊഴിയൂരിൽ ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാകുന്നു. ഹാർബറിനായി വർഷങ്ങളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് ഇതോടെ പൂവണിയാൻ പോകുന്നത്.
കേരള അതിർത്തിയായ കൊല്ലങ്കോട് മുതൽ പൂവാർ പൊഴിക്കര വരെ ഏകദേശം അര ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും ദൂരസ്ഥലങ്ങളിലെ ഫിഷിംഗ് ഹാർബറുകളെ ആശ്രയിച്ചാണ് തൊഴിലെടുക്കുന്നത്. ബാക്കി വരുന്ന പത്ത് ശതമാനം മത്സ്യത്തൊഴിലാളികൾ മാത്രമാണ് പരമ്പരാഗത രീതിയിൽ തദ്ദേശീയമായി തൊഴിലെടുക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട് ഭാഗത്ത് കടലിൽ പുലിമുട്ട് നിർമ്മിച്ചതോടെ കൊല്ലങ്കോട് മുതലുള്ള ഒരു കിലോമീറ്ററോളം ദൂരത്ത് കടൽകയറി വള്ളം ഇറക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതും തൊഴിലാളികളെ ദുരിതത്തിലാക്കി. ദൂരസ്ഥലങ്ങളിൽ പോയി പണിയെടുക്കേണ്ടിവരുന്നതിനാൽ അധിക ചെലവും തൊഴിൽ ദിനങ്ങളിൽ നഷ്ടവും സംഭവിക്കുന്നതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
പദ്ധതി നിലവിൽവന്നാൽ അന്തർദേശീയ നിലവാരമുള്ള വിപണന സംസ്കരണ സംവിധാനം ഉറപ്പുവരുത്താനാകും. ഇത് തൊഴിലാളികൾക്കും അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വ്യാപക നഷ്ടം ഒഴിവാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെവേഗം നടപ്പാക്കാനും കഴിയും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയും. ദൈനംദിന മേൽനോട്ടത്തിന് സ്ഥിരം സംവിധാനമുണ്ടാകും. അനുബന്ധ മേഖലയിൽ തൊഴിൽ വർദ്ധിക്കും. പ്രദേശത്ത് റോഡുകൾ നവീകരിക്കപ്പെടുകയും ഗതാഗത സൗകര്യം വർദ്ധിക്കുകയും ചെയ്യും. പൊതുജീവിതം കൂടുതൽ മെച്ചപ്പെടും.