നെയ്യാറ്റിൻകര:കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ആഴ്ചയിൽ സർവീസ് തുടങ്ങിയ ബ്ലൂ സർക്കിൾ സിറ്റി ഷട്ടിലുകൾക്ക് യാത്രക്കാരുടെ മികച്ച പ്രതികരണം. തിങ്കളാഴ്ച ഒന്നാമത്തെ ഷട്ടിലിന് പതിനായിരം രൂപയിലധികം കളക്ഷൻ നേടി. ഇതോടെ രാവിലെയും വൈകിട്ടുമുളള യാത്രാദുരിതത്തിന് ഫലം കണ്ടുതുടങ്ങി.കൊവിഡ് വ്യാപനത്തെത്തുടർന്ന് നെയ്യാറ്റിൻകരയിലെ പല മേഖലകളിലും സർവീസുകൾ നിറുത്തിവച്ചിരുന്നത് യാത്രാദുരിതത്തിന് ഇടയാക്കിയിരുന്നു.സ ർവീസുകളുടെ മികച്ച പ്രതികരണം കണക്കിലെടുത്ത് നെയ്യാറ്റിൻകര യൂണിറ്റിന് കെ.ആൻസലൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം 5 ബസുകൾ കൂടി അനുവദിച്ച് നൽകി.ഇവയിൽ ഒന്നാമത്തേത് രാവിലെ 7.30ന് ധനുവച്ചപുരം ഐ.ടി.ഐയിലേക്കും 8.45ന് ഐ.ടി.ഐയുടെ മുമ്പിൽ നിന്ന് കിഴക്കേകോട്ട,സ്റ്റാച്യു,പി.എം.ജി,മ്യൂസിയം,വെള്ളയമ്പലം,വഴുതക്കാട്,തൈക്കാട് വഴി തമ്പാനൂരിലേക്കും ഓപ്പറേറ്റ് ചെയ്യും.വൈകിട്ട് 3.45ന് നെയ്യാറ്റിൻകരയിൽ നിന്ന് ഈ ബസ് വഞ്ചിയൂർ വഴി പാറ്റൂർ ഗേൾസ് സ്കൂളിലേക്കും,5 മണിക്ക് തിരികെ യൂണിവേഴ്സിറ്റി,നിയമസഭ,മ്യൂസിയം,വഴുതക്കാട്,പൂജപ്പുര,കരമന വഴി നെയ്യാറ്റിൻകരയിലേക്കും ഓപ്പറേറ്റ് ചെയ്യും. 2-ാമത്തെ നീല ഷട്ടിൽ രാവിലെ 8.45ന് നെയ്യാറ്റിൻകരയിൽ നിന്ന് ഫ്ലൈ ഓവർ,തൈക്കാട്,വഴുതക്കാട്,വെള്ളയമ്പലം,സ്റ്റാച്യു,വഴി കിഴക്കേകോട്ടയിലേക്കും തിരിച്ച് നെയ്യാറ്റിൻകരയിലേക്കും ഓപ്പറേറ്റ് ചെയ്യും.11.30ക്ക് കേശവദാസപുരം വഴി മെഡിക്കൽ കോളേജിലേക്കും തിരികെ കണ്ണമ്മൂല, ജനറൽ ആശുപത്രി വഴി നെയ്യാറ്റിൻകരയിലേക്കും ഈ ബസ് ഓടും.വൈകിട്ട് 3.15 നെയ്യാറ്റിൻകരയിൽ നിന്ന് വെള്ളയമ്പലം,ശാസ്തമംഗലം വഴി മരുതംകുഴിയിലേക്കും തിരിച്ചും സർവീസ് നടത്തും. 3-ാമത്തെ സിറ്റി ഷട്ടിലിൽ രാവിലെയും വൈകിട്ടും ആയുർവേദ കോളേജ്,വഞ്ചിയൂർ,കണ്ണമ്മൂല വഴി മെഡിക്കൽ കോളേജിലേക്കും തിരിച്ചുമുള്ള ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. 4-ാമത്തെ ഷട്ടിലിൽ രാവിലെയും വൈകിട്ടും മെഡിക്കൽ കോളേജിലേക്കും,ഇടയ്ക്ക് ഊരൂട്ടമ്പലം,ബാലരാമപുരം ട്രിപ്പും ക്രമീകരിച്ചിട്ടുണ്ട്. 5-ാമത്തെ സിറ്റി ഷട്ടിലിൽ സിവിൽ സ്റ്റേഷൻ ട്രിപ്പ് ക്രമീകരിച്ചിരിട്ടുണ്ട്.ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരത്തിലെ ഉൾപ്രദേശങ്ങളിലേക്കും വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ സഹായകമാണ് സിറ്റി ഷട്ടിലുകൾ. ടിക്കറ്റിന് സാധാരണ നിരക്ക് മാത്രം ഈടാക്കുന്ന ഷട്ടിലുകളിൽ യാത്രാവേളയിൽ റിട്ടേൺ ടിക്കറ്റ് എടുക്കാനും സൗകര്യമുണ്ട്.യാത്രക്കാരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 0471-2222225, 2222243 എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതാണെന്ന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എസ്.മുഹമ്മദ് ബഷീർ അറിയിച്ചു.