
തിരുവന്തപുരം: ഒരുലക്ഷം പുതുസംരംഭങ്ങൾ ലക്ഷ്യമിട്ടുള്ള വ്യവസായ വകുപ്പിന്റെ പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കമാകും. ഇതോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ വ്യവസായ സൗഹൃദപദ്ധതികൾ ഭേദഗതി ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി ഒരു പഞ്ചായത്തിന് ഒരു ഇന്റേൺ എന്നനിലയിൽ 1,175 ഉദ്യോഗസ്ഥരെ നിയമിക്കും.
നിയമനനടപടികൾ അവാസനഘട്ടത്തിലാണ്. വ്യക്തികൾക്ക് പുത്തൻ സംരംഭം തുടങ്ങാനുള്ള സഹായങ്ങൾ ഉദ്യോഗസ്ഥൻ നൽകും. സംരംഭങ്ങളുടെ തുടക്കത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിലോ മറ്റ് ഇടപെടലുകൾ ആവശ്യമാണെങ്കിലോ ബന്ധപ്പെട്ട വകുപ്പുമായി ഉദ്യോഗസ്ഥൻ ആശയവിനിമയം നടത്തി പരിഹരിക്കണം.
വ്യവസായ സൗഹൃദസംരംഭങ്ങൾക്കായി വിവിധവകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന് മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ കോർ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വകുപ്പുകളിൽ നിലവിലുള്ള പദ്ധതികളും തുടങ്ങാനിരിക്കുന്ന പദ്ധതികളും സംരംഭകന് ഉപയോഗപ്രദമാകുന്ന രീതിയിൽ ഭേദഗതി ചെയ്യും. ഇതുസംബന്ധിച്ച് വിവിധ വകുപ്പ് മേധാവികൾ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ടുകൾ ഉടൻ മന്ത്രിതലത്തിൽ ഉദ്യോഗസ്ഥർ സമർപ്പിക്കും.
തത്സമയം ലൈസൻസ്
പുതുസംരംഭങ്ങൾക്ക് ആവശ്യമുള്ള അനുമതികൾ തത്സമയം ലഭ്യമാക്കാനുള്ള ലൈസൻസ് മേളകൾ ഏപ്രിൽ-മേയ് മാസങ്ങളിലായി വ്യവസായവകുപ്പ് സംഘടിപ്പിക്കും.
ലാൻഡ് ബോർഡ്
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളോട് ചേർന്ന് ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലം ഏറ്റെടുക്കും. ഇതിനായി ലാൻഡ് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. വരുംമാസങ്ങളിൽ നടപടിക്രമങ്ങൾക്ക് അന്തിമതീരുമാനമാകും.