
മുടപുരം: പൈപ്പ് തുടർച്ചയായി പൊട്ടി വെള്ളം ഒഴുകുന്നതിനാൽ കോടികൾ മുടക്കി നവീകരിച്ച് റീടാർ ചെയ്ത റോഡ് തകരുന്നതായി പരാതി. റോഡ് ശോചനീയാവസ്ഥയിലാകുന്നത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ടാകുകയാണ്. അഴൂർ - മുട്ടപ്പലം - ശാസ്തവട്ടം റോഡിനാണ് ഈ ദുർഗതി.
രണ്ട് ദിവസം മുൻപ്, രണ്ടു റോഡുകൾ സന്ധിക്കുന്ന മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ റോഡിന്റെ നടു മദ്ധ്യത്തായി രണ്ടിടത്ത് പൈപ്പുപൊട്ടി.
പിന്നെ ടാർ വെട്ടിപ്പൊളിച്ച് പൈപ്പ് ശരിയാക്കി കോൺക്രീറ്റ് ചെയ്‌തെങ്കിലും പഴയപടിയാകില്ലല്ലോ. അവിടം പിന്നെ ഇളകുകയും അപകടക്കെണിയായി മാറുകയും ചെയ്യും.
ഈ ഭാഗത്ത് ക്വാളിറ്റി കുറഞ്ഞ പി.വി.സി പൈപ്പാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ ഒഴിവാക്കാൻ ഈ ഭാഗത്തെ ക്വാളിറ്റി കുറഞ്ഞ പി.വി.സി പൈപ്പ് മാറ്റി, പുതിയ ക്വാളിറ്റിയുള്ള പൈപ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ടുവർഷം മുൻപ് റീടാറിംഗ് പണി തുടങ്ങിയ സമയത്ത് നാട്ടുകാർ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അന്ന് അധികൃതർ ചെവിക്കൊണ്ടില്ല.
തകരുന്ന റോഡ്
നാഷണൽ ഹൈവേയിലെ തോന്നയ്ക്കൽ തോപ്പുമുക്കിൽ നിന്ന് ആരംഭിച്ച് ശാസ്തവട്ടം, മുട്ടപ്പലം വഴി ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിലെ കീളിമുക്കിൽ (സി.വൈ.സി ജംഗ്ഷൻ) ചെന്ന് ചേരുന്ന പി.ഡബ്ലിയു.ഡി റോഡാണിത്.
തുടർച്ചയായി പൈപ്പ് പൊട്ടുന്നത്
ഈ റോഡിൽ ഗാന്ധി സ്മാരകം മുതൽ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് തുടർച്ചയായ പൈപ്പ് പൊട്ടൽ ഉണ്ടാകുന്നത്.
പൈപ്പ് സ്ഥാപിച്ചത് 10 വർഷം മുൻപ്
പത്ത് വർഷം മുൻപ് ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരമാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്. ക്വാളിറ്റി കുറഞ്ഞ പൈപ്പായതിനാൽ പൈപ്പ് പൊട്ടുന്നത് സ്ഥിരമായി. ആറ് മാസത്തിനിടയിൽ ഈ ഭാഗത്ത് 25 ൽപ്പരം സ്ഥലത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്. പൈപ്പ് പൊട്ടുമ്പോൾ റോഡ് തകരുകയും ദിസങ്ങളോളം യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും.
പാഴായി കുടിവെള്ളം
പൈപ്പ് പൊട്ടുന്നതോടെ ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായി റോഡിലൂടെ ഒഴുകിപ്പോകുന്നത്.