വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ യുവാവിന്റെ ആത്മഹത്യാ ഭീഷണി. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ച ശേഷമാണ് ഭീഷണി മുഴക്കിയത്. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12നായിരുന്നു സംഭവം.
ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിൽ ഷാജഹാനാണ് (37) സഹോദരൻ സഹീറിനെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഷാജഹാനെന്ന് പൊലീസ് പറയുന്നു. പിണങ്ങിപ്പോയ ഭാര്യയെ പൊലീസ് ഇടപെട്ട് തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഉമ്മയെയും സഹോദരിയെയും വീടിന് പുറത്താക്കി വാതിലടച്ചതിന് പിന്നാലെ അനുജന്റെ ദേഹത്ത് പെട്രോളൊഴിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു.
സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം പെട്രോൾ നിറച്ച കന്നാസും തീപ്പെട്ടിയുമായാണ് ഇയാൾ ഭീഷണിമുഴക്കിയത്. അയൽവാസികളും ബന്ധുക്കളും സംസാരിച്ചെങ്കിലും ഷാജഹാൻ വഴങ്ങിയില്ല. സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
സ്റ്റേഷൻ എസ്.എച്ച്.ഒ സൈജുനാഥിനോട് ഒറ്റയ്‌ക്ക് സംസാരിക്കാമെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് സി.ഐ ഷാജഹാനെ വീട്ടിന് പിറകുവശത്തുള്ള ജനലിന് സമീപത്തെത്തിച്ച് സംസാരിക്കുന്നതിനിടെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന ഫയർഫോഴ്‌സ് സംഘം ഫയർഎൻജിനിൽ നിന്ന് വെള്ളം ഷാജഹാന്റെ ദേഹത്തു വീഴ്‌ത്തുകയായിരുന്നു. പെട്രോളും തീപ്പെട്ടിയും നനഞ്ഞെന്ന് ഉറപ്പാക്കിയശേഷം പൊലീസും ഫയർഫോഴ്സും ചേർന്ന് ഷാജഹാനെ കീഴ്പ്പെടുത്തി സഹീറിനെ മോചിപ്പിച്ചു.