
തിരുവനന്തപുരം: വഴുതക്കാട്-ജഗതി -പൂജപ്പുര റോഡ് വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികൾ മാർച്ച് 3ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. റോഡ് വീതി കൂട്ടുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് ഹർജിക്കാരനും ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പും നിലപാടെടുത്തതോടെയാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കൂടുതൽ വിശദീകരണം തേടിയത്.
2000 ഡിസംബർ 20ന് റോഡ് വീതി കൂട്ടുന്നതിന് തിരുവനന്തപുരം വികസന അതോറിട്ടിക്ക് (ട്രിഡ) സർക്കാർ ഉത്തരവ് പ്രകാരം 2.6 കോടി രൂപയ്‌ക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരന്റെ വാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം വികസന അതോറിട്ടിയും വിശദീകരണം നൽകണം. കേസ് മാർച്ച് 3ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.