
വിഴിഞ്ഞം: പിടിച്ചുപറി കേസിലെ പിടികിട്ടാപ്പുള്ളി 5 മാസങ്ങൾക്കു ശേഷം തമിഴ്നാട്ടിൽ നിന്ന് അറസ്റ്റിലായി.
കഴിഞ്ഞ സെപ്തംബർ 12ന് നേമം സ്വദേശിയുടെ മാല പിടിച്ചുപറിച്ച കേസിൽ ഒന്നാം പ്രതിയായ തിരുവല്ലം
മുട്ടളക്കുഴി ലക്ഷം വീട്ടിൽ അമ്പു ഭവനിൽ അമ്പുവാണ് അറസ്റ്റിലായത്. രണ്ടാം പ്രതി മുട്ടലക്കുഴി ലക്ഷം വീട് കോളനിയിൽ ദീപുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതി അമ്പുവിനെ ചെന്നൈയിലുള്ള ഊരംപക്കത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിൽ നേരത്തെയും പ്രതിയായിട്ടുള്ള ഇയാൾ ചെണ്ടമേളത്തിനു പോകുന്നുണ്ടെന്നു മനസിലാക്കിയ അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽ മേളത്തിന് പോയിരിക്കുന്നതായി മനസിലാക്കിയത്. തുടർന്ന് ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശപ്രകാരം തിരുവല്ലം എസ്.എച്.ഒ സുരേഷ് വി. നായരുടെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ്, സി.പി.ഒമാരായ ഷിജു, വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.