pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കരിങ്കലിൽ വൃദ്ധയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 51.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നൈജീരിയൻ സ്വദേശിയെ കന്യാകുമാരി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്‌തു. കപ്പിയറ സ്വദേശി മാർക്ക്‌റെഡിന്റെ ( 61) അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിലാണ് നൈജീരിയൻ സ്വദേശി എബൂക ഫ്രാൻസിസിനെ (28) ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം ജില്ലാ സൈബർ ക്രൈം ഇൻസ്‌പെക്ടർ വില്യം ബെഞ്ചമിൻ, എസ്.ഐ ബെർലിൻ, സ്‌പെഷ്യൽ ടീം എസ്.ഐ മഹേശ്വര രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2020 ഓഗസ്റ്റിൽ മാർക്ക്‌റെഡിന്റെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ചെറുമകളുടെ ഓൺലൈൻ ക്ലാസിനിടെ ജനിഫർ വില്യംസ് എന്ന പേരിലുള്ള മെയിലിൽ നിന്ന് ഇ - മെയിൽ സന്ദേശം ലഭിച്ചു. താൻ രോഗിയാണെന്നും ലണ്ടൻ ബാങ്ക് അക്കൗണ്ടിലുള്ള 39 ലക്ഷം യു.എസ് ഡോളർ ഇന്ത്യയിലുള്ള ട്രസ്റ്റിന് നൽകുന്നതിന് ഇന്ത്യൻ റിസർവ് ബാങ്കിന്റെ അനുമതി വാങ്ങാൻ താങ്കൾ സഹായിക്കണമെന്നുമായിരുന്നു മെയിലിൽ പറഞ്ഞിരുന്നത്. രജിസ്ട്രേഷനുള്ള ചെറിയതുക മാത്രം അടച്ചാൽ മതിയെന്നും അറിയിച്ചു. ഇത് വിശ്വസിച്ച വൃദ്ധയും കുട്ടിയും മൊബൈൽ നമ്പരിൽ വന്നിരുന്ന ഒ.ടി.പി പറഞ്ഞുകൊടുത്തു. ഇതിനുശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന 51 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ജില്ലാ സൈബർ ക്രൈം പൊലീസിന് കൈമാറുകയായിരുന്നു.

പ്രതിയെ ഉത്തർപ്രദേശിലെത്തി പിടികൂടി ഇന്നലെ ജില്ലാ സൈബർ ക്രൈം സ്റ്റേഷനിലെത്തിച്ചു. പ്രതിയുടെ കൈയിൽ നിന്ന് ആപ്പിൾ ലാപ്ടോപ്, ഏഴ് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, രണ്ട് മോഡം എന്നിവയും പിടിച്ചെടുത്തു. പാവപ്പെട്ടവർക്ക് പണം നൽകി അവരുടെ എ.ടി.എം കാർഡുകളും പാസ്ബുക്കും ഇയാൾ വാങ്ങിയിട്ടുണ്ട്. തട്ടിപ്പ് നടത്തിക്കിട്ടുന്ന തുക ഈ അക്കൗണ്ടുകളിലേക്കാണ് മാറ്റുന്നതെന്നും തട്ടിപ്പ് നടത്താൻ രണ്ടുപേർ ഒപ്പമുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.