
തിരുവനന്തപുരം: മന്ത്രിസഭ കൂട്ടുത്തരവാദിത്തത്തോടെ എടുക്കുന്ന തീരുമാനങ്ങളിൽ മന്ത്രിമാർക്ക് വ്യക്തിപരമായി ഉത്തരവാദിത്തം എങ്ങനെ ഉണ്ടാവുമെന്ന് ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരായ ഹർജി പരിഗണിക്കവെയാണ് ലോകായുക്ത ഈ ചോദ്യമുന്നയിച്ചത്. ഇക്കാര്യം വ്യക്തമാക്കാനും സമാനമായ കോടതി വിധികളുണ്ടെങ്കിൽ ഹാജരാക്കാനും ഹർജിക്കാരനോട് ലോകായുക്ത നിർദ്ദേശിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമായതിനാൽ ഇക്കാര്യം അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു.
മന്ത്രിമാർ സർക്കാർ ജീവനക്കാരാണെങ്കിലും മന്ത്രിസഭ സർക്കാർ ജീവനക്കാരുടെ പരിധിയിൽ വരുന്നില്ലെന്നും, സർക്കാർ ജീവനക്കാർക്കെതിരായ പരാതികൾ മാത്രമേ ലോകായുക്തയ്ക്ക് പരിഗണിക്കാൻ അധികാരമുള്ളൂവെന്നും സർക്കാർ വാദിച്ചു. എന്നാൽ മന്ത്രിസഭയെ അല്ല, തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് കേസിൽ എതിർകക്ഷികളാക്കിയതെന്നും അവർ
പൊതുപ്രവർത്തകരെന്ന നിലയിൽ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം വാദിച്ചു. യാതൊരു മാനദണ്ഡങ്ങളും കൂടാതെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സർക്കാരുകൾ തുടർന്നാൽ എന്താവും അവസ്ഥയെന്ന് വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. കേസിൽ 25ന് വിശദമായ വാദം കേൾക്കും.
എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെയും കുടുംബത്തിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്. ഉഴവൂർ വിജയന്റെ മരണത്തിനു പിന്നാലെ അഞ്ച് ലക്ഷം രൂപ ചികിത്സാ ധനസഹായമായും രണ്ട് മക്കളുടെ ചികിത്സാചെലവിനായി 10 ലക്ഷം വീതവുമായി ആകെ 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് കുടുംബത്തിന്റെ സ്വർണ്ണവായ്പയടക്കം കടബാധ്യത തീർക്കാനും, മകന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള സർക്കാർ ജോലി നൽകാനും തീരുമാനിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഗൺമാന്റെ കുടുംബത്തിന് 20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയത്. പരമാവധി മൂന്ന് ലക്ഷം കൊടുക്കാമെന്നിരിക്കെയാണ് ഇത്രയും വലിയ തുക വിതരണം ചെയ്തതെന്നായിരുന്നു ഹർജിയിലെ മുഖ്യ ആരോപണം.