award

തിരുവനന്തപുരം: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മണ്ണന്തല അമ്പലത്തു നടയിൽ അഞ്ജുവിന് സഹായവുമായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ 'പ്രകാശം' പദ്ധതിയിലുൾപ്പെടുത്തി അഞ്ജുവിന് ആദ്യ വർഷത്തെ ഫീസ് നൽകി. തുടർപഠനത്തിന് ആവശ്യമായ ധനസഹായവും ഉറപ്പുനൽകി. അഞ്ജുവിനെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.പി ദീപക്കുമാണ് സഹായം ഉറപ്പുനൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കൂലിപ്പണിക്കാരനായ വിജയന്റെയും വീട്ടമ്മയായ മിനിയുടെയും മൂന്നുമക്കളിൽ മൂത്തയാളായ അഞ്ജു ട്യൂഷനോ എൻട്രൻസ് കോച്ചിംഗോ ഇല്ലാതെയാണ് ഉന്നത വിജയം നേടിയത്.അഞ്ജുവിന്റെ ഒരു സഹോദരി ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലും മറ്റൊരാൾ ഏഴാം ക്ളാസിലുമാണ് പഠിക്കുന്നത്.മണ്ണന്തല അമ്പലത്തുനടയിലെ ചെറിയ വീട്ടിലാണ് അഞ്ജുവും കുടുംബവും താമസിക്കുന്നത്.ഇരുന്നു പഠിക്കാൻ മേശയോ കസേരയോ വീട്ടിലില്ല. മൂന്നുമക്കളും നന്നായി പഠിക്കുന്നതിനാൽ കിട്ടുന്ന വരുമാനത്തിൽ ഭൂരിഭാഗവും മക്കളുടെ പഠനത്തിനായി ചെലവാക്കുകയാണ് വിജയനും മിനിയും. മക്കളെ തങ്ങളുടെ ശേഷിക്ക് അനുസരിച്ച് പഠിപ്പിക്കാനാണ് ആഗ്രഹമെന്നും മാതാപിതാക്കൾ പറഞ്ഞു.സി.പി.എം നേതാക്കളായ രാജൻ ബാബു,ബൈജു,ബ്രാഞ്ച് സെക്രട്ടറി രഞ്ചു എന്നിവരും ഒപ്പമുണ്ടായിരുന്നു.