തിരുവനന്തപുരം: എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും മികച്ച വിദ്യാഭ്യാസം നേടാൻ ഒരു മടിയും കാണിക്കരുതെന്ന് കുട്ടികളോട് ജില്ലാകളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. കൊവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാർ അനുവദിച്ച മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ. കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവർക്ക് സർക്കാരിൽ നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കളക്ടർ ഉറപ്പുനൽകി.
കുട്ടിയുടെയും ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും പേരിൽ തുടങ്ങിയ പൊതുഅക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ രേഖയാണ് വിതരണം ചെയ്‌തത്. ഇത് ആവശ്യമെങ്കിൽ 18 വയസിന് ശേഷം കുട്ടിയുടെ സ്വന്തം പേരിലേക്ക് മാറ്റാം. ഇതിന് പുറമെ ബിരുദ പഠനം വരെയുള്ള കാലയളവിൽ വിദ്യാഭ്യാസ ചെലവുകൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായവും ലഭിക്കും. കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളിൽ 10 പേർക്കാണ് ആദ്യഘട്ടത്തിൽ ഒറ്റത്തവണ സഹായം നൽകിയത്.
പിതാവോ മാതാവോ മുമ്പ് മരിക്കുകയും രക്ഷകർത്താവ് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തതോടെ അനാഥരായ ഏഴ് കുട്ടികളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ ചിത്രലേഖ, കുട്ടികളും അവരുടെ ഇപ്പോഴത്തെ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളും പങ്കെടുത്തു.