
തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയെങ്കിലും സെക്ഷൻ 14 പ്രകാരം നടപടി റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.
കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം തുടരും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസിലെ ഭേദഗതി ബാധകമാകുന്നത്. സെക്ഷൻ 14പ്രകാരം ലോകായുക്ത റിപ്പോർട്ട് നൽകും. റിപ്പോർട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് നിരീക്ഷിച്ചു.
ലോകായുക്ത നൽകുന്ന റിപ്പോർട്ട് പരിഗണിക്കണോ വേണ്ടയോ എന്നതാണ് ഓർഡിനൻസ് പ്രകാരം സർക്കാർ തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ വാദം കേൾക്കവേയാണ് ഈ നിരീക്ഷണങ്ങൾ. 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് മനസിലാക്കാൻ 22വർഷമെടുത്തെന്നും പരിഹാസരൂപേണ ലോകായുക്ത നിരീക്ഷിച്ചു.
ഹർജി പരിഗണിക്കവേ നിയമ ഭേദഗതി ഓർഡിനൻസ് വന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപ ലോകായുക്ത ഹാറൂൺ- അൽ-റഷീദ് ചോദിച്ചു. ഓർഡിനൻസ് വന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നു ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.
മറുപടി പറയേണ്ടതില്ല
തങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കുമെന്നും രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും പ്രസ്താവനകൾക്ക് ഇപ്പോൾ മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത വ്യക്തമാക്കി. വഴിയരികിൽ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന നായയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്ന് അത് കരുതും. നായ എല്ല് കടിച്ച് കൊണ്ടേയിരിക്കും. നായ എല്ലുമായി ഗുസ്തി തുടരട്ടെ. നമുക്ക് അതിൽ കാര്യമില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. നേരത്തേ മുൻമന്ത്രി കെ.ടി ജലീൽ ലോകായുക്തയെ പേരെടുത്ത് പറഞ്ഞ് ആരോപണമുന്നയിച്ചിരുന്നു.