
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയോട് സി.പി.ഐ ഉയർത്തുന്ന എതിർപ്പ് സംബന്ധിച്ച് ഇനി നിയമസഭയിൽ ഓർഡിനൻസിന് പകരമുള്ള ബിൽ വരുമ്പോഴേ അവരുമായി ചർച്ചയുള്ളൂവെന്ന് വ്യക്തമാക്കി സി.പി.എം. "ഓർഡിനൻസ് വന്നു കഴിഞ്ഞല്ലോ. ഇനി ബിൽ വരുമ്പോൾ ചർച്ചയാകാം"- ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താലേഖകരോട് സംസാരിക്കവേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തിൽ സി.പി.ഐ വ്യത്യസ്തമായ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചു. മറ്റു കാര്യങ്ങൾ അവരുമായി ചർച്ച ചെയ്താലേ മനസ്സിലാകൂ. ഓർഡിനൻസിന് പകരമുള്ള ബില്ലൊക്കെ വരുമ്പോൾ ആലോചിക്കാം. നിയമഭേദഗതിയുമായി ബന്ധപ്പെട്ട കാര്യം ബോദ്ധ്യപ്പെട്ടിട്ടില്ലെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. അവരുമായി ചർച്ച ചെയ്തിട്ടില്ലെന്നേ പറഞ്ഞുള്ളൂ. ബോദ്ധ്യപ്പെടാത്തതല്ല, നേരത്തേ കാര്യങ്ങൾ ചർച്ച ചെയ്യാതിരുന്നതാണ് പ്രശ്നം. അവരുടെ നാല് മന്ത്രിമാർ കൂടി പങ്കെടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചതാണല്ലോ. മന്ത്രിസഭ ഒരു തവണ മാറ്റിവച്ചതുമാണ്. എൽ.ഡി.എഫിൽ ചർച്ച ചെയ്യണമെന്ന് അന്നേ ഉന്നയിച്ചിരുന്നെങ്കിൽ ചർച്ചയാകാമായിരുന്നു. സി.പി.ഐ ഞങ്ങളുടെ ഏറ്റവുമടുത്ത് നിൽക്കുന്ന രാഷ്ട്രീയകക്ഷിയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി നിലപാടാണ് പറഞ്ഞത്. ഞങ്ങൾ തമ്മിൽ പരിഹരിക്കാനാവാത്ത ഒരു പ്രശ്നവുമില്ല. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള കഴിവും ശക്തമായ സംവിധാനവുമുള്ള നേതൃത്വമാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും. എൽ.ഡി.എഫിന് ദോഷം ചെയ്യുന്ന നിലപാട് സി.പി.ഐയിൽ നിന്നുണ്ടാവില്ല.
ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുമെന്ന് സി.പി.ഐ പറയുന്നുണ്ടല്ലോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, തിരുത്തൽ ശക്തിയാവുന്നത് നല്ലതല്ലേയെന്നും, തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തണമല്ലോ എന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
മീഡിയ വൺ വിലക്ക് വായ് മൂടിക്കെട്ടൽ
തങ്ങളുടെ വരുതിയിൽ നിൽക്കാത്ത മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയെന്ന സമീപനമാണ് കൈക്കൊണ്ടുവരുന്നതെന്ന് കോടിയേരി പറഞ്ഞു. നേരത്തേ മുതൽ സ്വീകരിച്ചുവരുന്ന ഇത്തരം നിലപാടുകളുടെ തുടർച്ചയാണിപ്പോഴും ഉണ്ടായിട്ടുള്ളത്. മീഡിയ വണിനെ വിലക്കിയ കാര്യത്തിൽ ചില രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുന്നത്. അതെന്താണെന്ന് പറഞ്ഞിട്ടില്ല.