തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ തുടക്കം മുതൽ ഇന്നുവരെ സേവനമനുഷ്ഠിച്ച കാവലാൾ മോഹനക്കുറുപ്പ് പടിയിറങ്ങി. അദ്ദേഹത്തിന് ഇന്നലെ ടെക്‌നോപാർക്ക് യാത്രഅയപ്പ് നൽകി. പന്തളം തെക്കേക്കര സ്വദേശിയായ മോഹനക്കുറുപ്പ് ടെക്‌നോപാർക്കിന്റെ തുടക്കം മുതലുള്ള സുരക്ഷാ ജീവനക്കാരനാണ്. 1990 ജനുവരി ഒന്നിന് ജോലിക്ക് കയറിയ അദ്ദേഹം ജനുവരി 31നാണ് വിരമിച്ചത്. ഇന്നലെ ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ കേരള ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ് മോഹനക്കുറുപ്പിന് ഉപഹാരം നൽകി ആദരിച്ചു.

ആയുഷ്‌കാലത്തിന്റെ നല്ലകാലം മുഴുവൻ ടെക്‌നോപാർക്കിന് വേണ്ടിയാണ് മോഹനക്കുറുപ്പ് ചെലവഴിച്ചത്. ഇതുപോലുള്ള ആളുകളാണ് ടെക്‌നോപാർക്കിന്റെ വിജയക്കുതിപ്പിന് പിന്നിലുള്ളതെന്ന് ജോൺ എം. തോമസ് പറഞ്ഞു. പാർക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ടെക്‌നോപാർക്ക് സെക്രട്ടറി രജിസ്ട്രാർ സുരേഷ്‌കുമാർ .കെ, പ്രോജക്ട്സ് ജനറൽ മാനേജർ മാധവൻ പ്രവീൺ, അസിസ്റ്റന്റ് ജനറൽ മാനേജർ (കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, ഐ.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ മാനേജർ അഭിലാഷ് .ഡി.എസ്, അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) അജിത്ത് രവീന്ദ്രൻ, ചീഫ് സെക്യൂരിറ്റി ഓഫീസർ സുനിൽ തോമസ് എന്നിവർ സംസാരിച്ചു.