
 മന്ത്രി വി. ശിവൻകുട്ടി സ്‌കൂൾ സന്ദർശിച്ചു  കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ മാസ്‌റ്റർ പ്ളാൻ
കഴക്കൂട്ടം: സാമ്പത്തിക പ്രതിസന്ധിയിലായ കഴക്കൂട്ടം സൈനിക സ്‌കൂളിലെ സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോർട്ട് നൽകും. ഇന്നലെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്‌കൂൾ പ്രിൻസിപ്പലും അദ്ധ്യാപകരുമായി രണ്ടുമണിക്കൂറോളം മന്ത്രി ആശയവിനിമയം നടത്തി.
സ്‌കൂളിന്റെ പ്രതിസന്ധിയെക്കുറിച്ച് പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്.കേണൽ ഷെല്ലി കെ. ദാസ് എന്നിവർ മന്ത്രിയെ ധരിപ്പിച്ചു. കരുതൽ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. രണ്ടുമാസം ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാകാത്ത സ്ഥിതിയുണ്ടായി. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികൾക്ക് തിരിച്ചുകൊടുക്കേണ്ട തുകയും കുടിശികയാണെന്ന് മന്ത്രിയെ അറിയിച്ചു. പ്രതിസന്ധിക്ക് ഇടയാക്കിയ പെൻഷനും സ്‌കോളർഷിപ്പ് ബാദ്ധ്യതയും ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ പരിഗണനയിലായ ഫയലിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനവും കേന്ദ്രവും ഇതുസംബന്ധിച്ച് ഉടൻ ധാരണാപത്രം ഒപ്പുവയ്‌ക്കും. ആറുകോടി രൂപയാണ് പെൻഷനും സ്‌കോളർഷിപ്പിനുമായി സർക്കാരിന് പ്രതിവർഷം ചെലവിടേണ്ടി വരിക. സ്‌കൂളിന്റെ പ്രതിസന്ധി സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
അറ്റകുറ്റപ്പണിക്ക് മാസ്റ്റർ പ്ളാൻ
സ്‌കൂളിന്റെ ഭാഗമായുള്ള നൂറോളം കെട്ടിടങ്ങൾക്കെല്ലാം 62 വർഷത്തെ പഴക്കമുണ്ട്. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടങ്ങൾ പലതും ശോചനീയാവസ്ഥയിലാണ്. അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് വകുപ്പ് മാസ്‌റ്റർപ്ളാൻ തയ്യാറാക്കിയിട്ടുണ്ട്. അദ്ധ്യാപകർക്കായി 28 ക്വാർട്ടേഴ്സുകളാണുള്ളത്. അക്കാഡമിക് ബ്ളോക്കിൽ 19 കെട്ടിടങ്ങളുണ്ട്.
പല കെട്ടിടങ്ങളും എപ്പോൾ വേണമെങ്കിലും പൊളിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. കുട്ടികളെ മനസമാധാനത്തോടെ ക്ലാസിലിരുത്താൻ ഭയമാണെന്നും പ്രിൻസിപ്പൽ മന്ത്റിയെ ബോദ്ധ്യപ്പെടുത്തി. അടിയന്തര അറ്റകുറ്റപ്പണിക്കായി 4.5കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ മന്ത്രിക്ക് നിവേദനം നൽകി.
ബഡ്‌ജറ്റിൽ തുക അനുവദിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വിംഗ് കമാൻഡർ അൽക്കാചൗധരി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ മന്ത്രിയുമായി സംസാരിച്ചു.