
തിരുവനന്തപുരം: പേരൂർക്കടയിലെ കുമാർ ടീ സ്റ്റാളിൽ പ്രതി രാജേന്ദ്രൻ കൊലപാതകത്തിന് 15 ദിവസം മുമ്പ് ജോലി തേടി എത്തുമ്പോൾ ഒരു 'അയ്യോ, പാവം' ആണെന്ന് എല്ലാവരും കരുതി. അങ്ങനെയായിരുന്നു അയാളുടെ പെരുമാറ്റവും. ടീ സ്റ്റാളിന് സമീപത്തെ കടക്കാരോട് ഉൾപ്പെടെ വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയത്. ആരോടും അധികം സംസാരിക്കില്ല. ടീ സ്റ്റാളിൽ എത്തുന്നവരോടും അങ്ങനെ തന്നെ. ആഹാരം വിളമ്പുന്നതും ഭവ്യതയോടെ.
ജോലി കഴിഞ്ഞാൽ ഏറിയ സമയവും ഒറ്റയ്ക്കായിരിക്കും. ടീ സ്റ്റാളിലെ ജീവനക്കാരോട് പലപ്പോഴും അകലം പാലിച്ചിരുന്നു. ചില സമയങ്ങളിൽ ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇയാളെ പരിചയമുണ്ടായിരുന്നവർ പറഞ്ഞു. ജോലിസമയത്തുൾപ്പെടെ മാസ്ക് ധരിച്ചിരുന്നതിനാൽ പലരുടെയും മനസിൽ ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിരുന്നില്ല. ഇത്രയുംനാൾ തങ്ങൾക്ക് ചായ ഉൾപ്പെടെ വിളമ്പിയത് കൊടുംക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഇവിടെ ആഹാരം കഴിക്കാൻ എത്തുന്ന ചിലർ പറഞ്ഞു. പ്രതിക്കുവേണ്ടി പേരൂർക്കട ഭാഗത്ത് പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുമ്പോഴും ടീ സ്റ്റാളിലെ ജീവനക്കാർ ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നില്ല രാജേന്ദ്രനാണ് കൊലപാതകിയെന്ന്.
ടീ സ്റ്റാൾ പൊലീസ് സ്റ്റേഷന് സമീപത്ത്
പേരൂർക്കടയിലെ പ്രശസ്‌തമായ കടയാണ് കുമാർ ടീ സ്റ്റാൾ. നടത്തിപ്പുകാരനായ തമിഴ്നാട് സ്വദേശി കുമാർ വർഷങ്ങളായി പേരൂർക്കട ജംഗ്ഷനിലായിരുന്നു ടീ സ്റ്റാൾ നടത്തിയിരുന്നത്. നാലു വർഷം മുമ്പ് കട പേരൂർക്കട-ഊളമ്പാറ റോഡിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ നിന്ന് ടീ സ്റ്റാളിലേക്ക് നൂറുമീറ്റർ പോലും അകലമില്ല. തമിഴ്‌നാട്ടിൽ നിന്ന് ജോലി തേടി വരുന്നവരെ സഹായിക്കാറുള്ള കുമാർ ഇയാൾക്ക് ഇവിടെ സപ്ലൈയറായി ജോലി നൽകുകയായിരുന്നു. കടയോട് ചേർന്നുളള ലോഡ്‌ജിലായിരുന്നു മറ്റ് ജീവനക്കാർക്കൊപ്പം രാജേന്ദ്രൻ താമസിച്ചിരുന്നത്.