
പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ കരാർ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയെച്ചൊല്ലി വാക്കേറ്റം. കരാർ ജീവനക്കാരുടെ കാലാവധി മാർച്ചിൽ അവസാനിക്കുന്നതിനാൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ബഡ് സ്കൂൾ എന്നിവിടങ്ങളിൽ ജോലിചെയ്തുവന്നിരുന്ന കരാർ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നതിനായി ചേർന്ന യോഗത്തിലാണ് വാക്കേറ്റമുണ്ടായത്. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്നവരെ പിരിച്ചുവിടുന്ന കാര്യം ചർച്ച ചെയ്യുകയും യോഗം വോട്ടിനിടുകയും ചെയ്തു. യു.ഡി.എഫിന് 6 വോട്ടും, എൽ.ഡി.എഫിന് 7 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം എതിർത്ത് വോട്ട് ചെയ്തതിനെ തുടർന്ന് 7 - 7 വീതം തുല്യനില വന്നതിനാൽ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടെ പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ബി.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരുഭാഗത്തും പ്രവർത്തകർ എത്തിയെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ബഡ് സ്കൂൾ കരാർ ജീവനക്കാരുടെ കാര്യത്തിൽ ബഹളം കാരണം തീരുമാനമായില്ല. സർക്കാരിന്റെ നോംസ് അനുസരിച്ച് മാത്രമേ തീരുമാനം എടുത്തിട്ടുള്ളൂവെന്ന് വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ പറഞ്ഞു. പഞ്ചായത്തിന്റെ കീഴ്‌വഴക്കങ്ങളെ കാറ്റിൽപ്പറത്തി സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഈ പിരിച്ചുവിടലെന്ന് ബി.പി. അനിൽകുമാർ പറഞ്ഞു.