
തിരുവനന്തപുരം: ബി.ജെ.പി തോറ്റാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് സംഭവിക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.പി കേരളമായി മാറുമെന്ന യോഗിയുടെ വിശകലനം പ്രാവർത്തികമാക്കാൻ ജനങ്ങൾ ബി.ജെ.പിയെ തോല്പിക്കണം. അത് ജനങ്ങൾക്കത് വലിയ നേട്ടമാകും.
ഉത്തർപ്രദേശിൽ നിലനിൽക്കുന്നത് കാട്ടുനീതിയാണ്. ക്രമസമാധാന തകർച്ചയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമവുമെല്ലാം വലിയതോതിൽ നടക്കുന്ന സംസ്ഥാനമാണത്. കേരളത്തിൽ അങ്ങനെയൊരവസ്ഥയില്ല. സുസ്ഥിരവികസന സൂചികയിലും ഭരണമികവിലും ആരോഗ്യസൂചികയിലും പൊതുകാര്യങ്ങളിലും ദാരിദ്ര്യനിർമാർജനത്തിലും സ്ത്രീസാക്ഷരതയിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും ആയുർദൈർഘ്യത്തിലും ശുചിമുറിയുടെ കാര്യത്തിലുമെല്ലാം കേരളം ഒന്നാമതാണ്. യു.പിയിലെ ജനങ്ങൾക്ക് ആയുർദൈർഘ്യം കൂടണമെങ്കിൽ ബി.ജെ.പിയെ തോല്പിക്കണം.
യോഗി ആദിത്യനാഥിന്റെ നിലപാടിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിനെ തിരുത്തിക്കാൻ കേരളത്തിലെ ബി.ജെ.പിക്കാർ തന്നെ രംഗത്തുവരണം. ഇവിടത്തെ സൈബർ ആക്രമണങ്ങളെക്കുറിച്ച് യോഗി വിമർശിച്ചതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ, സാക്ഷരതയുള്ള സമൂഹത്തിനല്ലേ സൈബർ ഇടങ്ങളിലൊക്കെ ഇടപെടാനാകൂ എന്നായിരുന്നു കോടിയേരിയുടെ മറുചോദ്യം.
സി.പി.എം കരട് പ്രമേയത്തിന് ഭേദഗതി നിർദ്ദേശിക്കാം
സി.പി.എം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ അംഗങ്ങൾക്കും അനുഭാവികൾക്കും ഭേദഗതികൾ നിർദ്ദേശിക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച കരട് പ്രമേയത്തിന്മേലുള്ള ഭേദഗതി നിർദ്ദേശങ്ങൾ മാർച്ച് 10ന് മുമ്പ് സമർപ്പിക്കണം. അംഗത്തിന്റെ നിർദ്ദേശം പാർട്ടി ഘടകം അംഗീകരിച്ചില്ലെങ്കിൽ വ്യക്തിപരമായി അയയ്ക്കാം.
കരട് പ്രമേയത്തെക്കുറിച്ച് പാർട്ടിക്കകത്ത് വിശദീകരിക്കുന്നതിന് 26ന് ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്കായി ഓൺലൈൻ റിപ്പോർട്ടിംഗ് നടത്തും. പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള വിശദീകരിക്കും. മാർച്ച് 9നകം ബ്രാഞ്ച് തലം മുതൽ സംസ്ഥാനകമ്മിറ്റി വരെ ചർച്ച ചെയ്താണ് ഭേദഗതിനിർദ്ദേശങ്ങൾ തയാറാക്കി കേന്ദ്രകമ്മിറ്റിക്ക് അയയ്ക്കേണ്ടത്. മാർച്ച് 9ന് സംസ്ഥാനകമ്മിറ്റി ചേരും. എറണാകുളത്ത് മാർച്ച് ഒന്ന് മുതൽ നാലു വരെ നടക്കുന്ന സംസ്ഥാനസമ്മേളന നടത്തിപ്പിനുള്ള ഫണ്ട് 13, 14 തീയതികളിൽ എറണാകുളത്തെ വീടുകൾ, തൊഴിൽശാലകൾ, കടകൾ എന്നിവിടങ്ങളിൽ നിന്ന് പിരിവിലൂടെ സമാഹരിക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം 21നാണ്. പ്രതിനിധി സമ്മേളന നഗരി ബി. രാഘവൻ നഗറും പൊതുസമ്മേളന നഗരി ഇ. ബാലാനന്ദൻ നഗറും സെമിനാർ വേദി അഭിമന്യു നഗറുമായിരിക്കും. പൊതുസമ്മേളനത്തിൽ റാലിയില്ല. പൊതുസമ്മേളനം എറണാകുളത്ത് ബ്രാഞ്ച്തലത്തിലും സംസ്ഥാനമാകെ ലോക്കൽതലത്തിലും സംപ്രേഷണം ചെയ്യും.