തിരുവനന്തപുരം:എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമന പ്രകാരം ജോലിയിലിരിക്കെ പിരിച്ചുവിട്ട ഭിന്ന ശേഷിക്കാരിയായ പാർട്ട് ടൈം സ്വീപ്പറെ തിരിച്ചെടുത്തു.നന്ദിയോട് സ്വദേശിനി സുമയാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പഞ്ചാപകേശന്റെ ഉത്തരവിനെ തുടർന്ന് ജോലിയിൽ തിരികെ കയറിയത്.

പാർട്ട് ടൈം സ്വീപ്പറായി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കലിൽ 2019 -ൽ സുമ ജോലി ചെയ്തു വരികയായിരുന്നു.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം 26 പേർക്കൊപ്പമാണ് ജോലി ലഭിച്ചത്.എന്നാൽ മാസം പിന്നിട്ടപ്പോൾ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ പരാതി ബോധിപ്പിച്ചു.സുമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് ഭിന്നശേഷി അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ കണ്ടെത്തി.സുമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട 2019 ഒക്ടോബർ 28 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സർവീസിൽ തിരിച്ചെടുത്തതായി മൃഗസംരക്ഷണ ഡയറക്ടർ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഇക്കഴിഞ്ഞ 7ന് ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചത്.