kseb

തിരുവനന്തപുരം: വരുന്ന ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമ്പോൾ, രാത്രികാല ഉപഭോഗം പീക്ക് അവറായി കണക്കാക്കി കൂടുതൽ നിരക്ക് ഈടാക്കാനുള്ള ശുപാർശ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. സ്മാർട്ട് മീറ്ററിനൊപ്പം പീക്ക് അവർ വർദ്ധനയും വേണമെന്നും അതെത്രയെന്ന് പിന്നീട് സമർപ്പിക്കാമെന്നും ശുപാർശയിലുണ്ട്. ഇതാദ്യമായാണ് സംസ്ഥാനത്ത് സമയം നോക്കി നിരക്ക് നിശ്ചയിക്കാൻ പോകുന്നത്. 20 മുതൽ 35 ശതമാനം വരെ അധികനിരക്കാണ് പരിഗണനയിലുള്ളത്.

2010ലെ കേന്ദ്ര വൈദ്യുതി നിയമച്ചട്ടത്തിലാണ് വൈദ്യുതി ഉപഭോഗത്തിന് ടൈംസോൺ നിർദ്ദേശിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് ആറു വരെ നോർമൽ ടൈം, വൈകിട്ട് 6 മുതൽ രാത്രി 10 വരെ പീക്ക് ടൈം, രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 8 വരെ ഓഫ്പീക്ക് ടൈം എന്നിങ്ങിനെയാണ് ടൈംസോൺ. ഇതിൽ പീക്ക് ടൈം വൈകിട്ട് അഞ്ചു മുതൽ രാത്രി 11 മണിവരെയാക്കി അതിനനുസരിച്ച് മറ്റ് രണ്ട് ടൈം സോണുകളിൽ മാറ്റം വരുത്താൻ അനുവദിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു.

നിലവിലെ മീറ്ററുകളിൽ ടൈം സോൺ അനുസരിച്ച് ഉപഭോഗം വേർതിരിക്കാൻ സംവിധാനമില്ല. അതുകൊണ്ട് പുതുയ കണക്‌ഷനുൾപ്പെടെ സ്മാർട്ട് മീറ്റർ നിർബന്ധമാക്കി രാത്രികാല ഉപഭോഗത്തിന് അധിക നിരക്കീടാക്കുനും നടപടി സ്വീകരിക്കും.

വൈദ്യുതി വാങ്ങുന്ന പവർ എക്സ്ചേഞ്ചുകളിൽ പീക്ക് സമയങ്ങളിലെ നിരക്ക് കൂടുതലാണ്. രാത്രി ഉപഭോഗത്തിന് അധികനിരക്ക് ഈടാക്കിയാൽ പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങുന്നത് കുറയ്ക്കാമെന്നും ഇതോടെ പ്രവർത്തനനഷ്ടം കുറയുമെന്നും കെ.എസ്.ഇ.ബി കണക്കു കൂട്ടുന്നു.

 ഗാർഹികം യൂണിറ്റിന് 5.44 രൂപ

യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന കമ്മിഷനോട് ചോദിച്ചിട്ടുണ്ടെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്കുള്ള നിരക്ക് വർദ്ധന നേരത്തേ സമർപ്പിച്ചതിനെ അപേക്ഷിച്ച് കുറച്ചാണ് നൽകിയിരിക്കുന്നത്. പ്രതിമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 8.8 ശതമാനം നിരക്ക് വർദ്ധനയാണ് തേടിയിരിക്കുന്നത്. അതേസമയം ഫിക്സഡ് ചാർജ്ജിൽ 40 ശതമാനം വർദ്ധനയും ആവശ്യപ്പെടുന്നുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി യൂണിറ്റ് നിരക്ക് നിലവിൽ 5.02 രൂപയാണ്. ഇത് 5.44 രൂപയാക്കാനാണ് നിർദ്ദേശം. അതേ സമയം ഫിക്സഡ് ചാർജ്ജ് 15 മുതൽ 150 രൂപ വരെ കൂട്ടാൻ അനിവദിക്കണമെന്നും പറയുന്നു.

 1.15- 1.75 രൂപ- ഒരു യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യുമ്പോൾ നഷ്ടം

 0.24- 0.14രൂപ -നിരക്ക് വർദ്ധന നടപ്പാക്കിയാൽ കുറയുന്നത്