നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങൾ ഏറെയായെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ആരോപിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതി പുതിയ തെരുവ് വിളകൾ സ്ഥാപിക്കുന്നതിനും പഴയ തെരുവുവിളക്കുകൾ മെയിന്റനൻസ് ചെയ്യുന്നതിനുവേണ്ടി 19 വാർഡുകളെയും ഒറ്റ യൂണിറ്റുകളായി കണക്കാക്കി രാഷ്ട്രീയ വ്യത്യാസമില്ലാതെ കഴിഞ്ഞ അഞ്ചുവർഷക്കാലം 9666500 രൂപയാണ് വഴിവെട്ടം പദ്ധതിക്കായി മാറ്റിവെച്ച് നടപ്പിലാക്കിയത്.
19 വാർഡുകളിലും ആവശ്യമായ ലൈൻ നീട്ടുന്നതിനും എൽ.ഇ.ഡി, സി.എഫ്.എൽ ലൈറ്റുകളും നിലവിലുള്ളത് മെയിന്റനൻസ് ചെയ്യുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ലൈൻ നീട്ടുന്ന അതിലേക്കും ആണ് ഫണ്ട് മാറ്റി വെച്ചിരുന്നത്. അത് വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.ഒപ്പം 2020- 2021 വാർഷിക പദ്ധതിയിൽ 7 ലക്ഷം രൂപ ഈ പദ്ധതിക്കായി അധികമായി മാറ്റി വെച്ചിട്ടാണ് ഭരണസമിതി കാലാവധി അവസാനിക്കുന്നത്. എന്നാൽ ആ തുക പിന്നീട് വന്ന എൽ.ഡി.എഫ് ഭരണ സമിതി വകമാറ്റി ചെലവാക്കുന്നതിനാണ് ശ്രമിച്ചത് എന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി മാറിക്കൊണ്ടിരിക്കേ പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആനാട് സുരേഷ് ആരോപിച്ചു. ഇത്തരത്തിൽ ജനങ്ങളെ നോക്കുകുത്തിയാക്കി മുന്നോട്ടുപോകുന്ന ഭരണസമിതിക്കെതിരെ ജനങ്ങളെ അണിനിരത്തി സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സുരേഷ് അറിയിച്ചു.