
നെടുമങ്ങാട്:വീടുപണി പൂർത്തിയാ രണ്ട് വർഷത്തോളമായിട്ടും വൈദ്യുതി വെളിച്ചത്തിനായി കാത്തിരിക്കുകയാണ് ഒരു കുടുംബം. ഒടുവിൽ മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടലിൽ കുടുംബത്തിന് വൈദ്യുതി ലഭിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ മന്നൂർകോണം മുതിയകാവ് എന്ന സ്ഥലത്ത് റോഡരികത്ത് വിളയിൽ വീട്ടിൽ അംബിക കുമാരിയും കുടുംബവുമാണ് രണ്ട് വർഷമായി വൈദ്യുതിക്കായി കാത്തിരിക്കേണ്ടിവന്നത്.വൈദ്യുതി ലഭ്യമാക്കുന്നതിനാവശ്യമായ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനുള്ള തടസംമൂലമാണ് കണക്ഷൻ ലഭിക്കാതിരുന്നത്.രണ്ടു വർഷമായി നിരന്തരം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ അംബികകുമാരി സ്ഥലം എം.എൽ.എ കൂടിയായി മന്ത്രി ജി.ആർ.അനിലിനെ സമീപിക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടലിൽ നടപടി വേഗത്തിലാകുകയും കളക്ടറേറ്റിൽ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഹിയറിംഗ് വിളിച്ച് നടപടികൾ പൂർത്തിയാക്കി വൈദ്യുതി നൽകാൻ എ.ഡി.എം ഉത്തരവിടുകയും ചെയ്തു.