police-team

തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രതി താനാണെന്ന് സംശയിക്കാതിരിക്കാൻ കൈയിലെ മുറിവ് ടീ സ്റ്റാളിലെ ജോലിയ്ക്കിടെ ചിരവ കൊണ്ട് മുറിഞ്ഞതാണെന്ന് പറഞ്ഞ് കടയുടമയേയും പ്രതി രാജേന്ദ്രൻ കബളിപ്പിച്ചു. ഇതിനായി വിനിതമോളുടെ കൊലപാതകത്തിനിടെ ഉണ്ടായ മുറിവിന് പുറമേ ചിരവ കൊണ്ട് കൈയിൽ ചെറിയ പോറൽ ഏൽപ്പിക്കുകയും ചെയ്തു. കൃത്യം നടത്തിയ ഞായറാഴ്ച ദിവസം രാത്രി എട്ടുമണിയോടെ ടീ സ്റ്രാൾ ഉടമ കുമാറിനെയും കൂട്ടി പേരൂർക്കട ആശുപത്രിയിലെത്തി മുറിവ് വച്ചുകെട്ടുകയും ചെയ്തു. രാജൻ എന്ന പേരിലായിരുന്നു ഒ.പി ടിക്കറ്റ് എടുത്തത്. കൊലപാതകിയെത്തേടി സി.സി ടി.വി ദൃശ്യങ്ങളും രേഖാചിത്രവുമൊക്കെയായി പൊലീസ് പരക്കംപായുമ്പോഴാണ് മുറിവ് തിരിച്ചറിഞ്ഞ് പിടിയിലാകാതിരിക്കാൻ ഇയാൾ നടത്തിയ തന്ത്രപരമായ നീക്കം.

ആശുപത്രിയിൽ പോയശേഷം അന്ന് ടീ സ്റ്റാളിലാണ് കിടന്നുറങ്ങിയത്. അടുത്തദിവസം രാവിലെ തമിഴ്നാട്ടിലേക്ക് പോയി. മുറിവ് ഡ്രസ് ചെയ്യാനെന്ന് പറഞ്ഞ് ചൊവ്വാഴ്ച വീണ്ടും തിരുവനന്തപുരത്തെത്തി. ബസ് മാർഗം നഗരത്തിലെത്തിയശേഷം ഓട്ടോയിലാണ് പേരൂർക്കട ജംഗ്ഷനിലെത്തിയത്. ആശുപത്രിയിലെത്തി മുറിവ് വീണ്ടും ഡ്രസ് ചെയ്തശേഷം ടീ സ്റ്റാൾ ഉടമയേയും കണ്ടാണ് മടങ്ങിയത്. കേസിൽ ജാർഖണ്ഡ് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്ന ധാരണയിൽ വീണ്ടും തമിഴ്നാട്ടിലേക്ക് മടങ്ങി.

ചൊവ്വാഴ്ച ഇയാൾ പേരൂർക്കടയിൽ വന്നിറങ്ങിയ സി.സി ടി.വി ദൃശ്യങ്ങളും സംഭവ ദിവസത്തെ ദൃശ്യങ്ങളും താരതമ്യം ചെയ്ത് രണ്ടും ഒരാൾ തന്നെയാണെന്ന് ഉറപ്പാക്കിയ പൊലീസ്, കട ഉടമയിൽ നിന്ന് രാജേന്ദ്രന്റെ മൊബൈൽ നമ്പർ വാങ്ങി തമിഴ്നാട്ടിലെ വിലാസവും മനസിലാക്കിയാണ് പിടികൂടുന്നത്.