പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നന്ദാവനം എ.ആർ ക്യാമ്പിൽ തലയ്‌ക്ക് പരിക്കേറ്റ് അവശനിലയിൽ കണ്ട പൊലീസുകാരൻ മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കൊല്ലം വെട്ടിക്കവല മയിലാടുംപറ മതൻകുഴി വിട്ടിൽ ഒ. ബെർട്ടിയാണ് (50) മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 5നാണ് ബെർട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തൊട്ടടുത്ത ദിവസം വീട്ടുകാരെ വിളിച്ചുവരുത്തിയ ശേഷം ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപ്രതിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെ രാത്രി മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ അടിയേറ്റാണ് തലയ്‌ക്ക് പിന്നിൽ മുറിവുണ്ടായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബെർട്ടി മദ്യലഹരിയിൽ വീണ് ചെടിച്ചട്ടിയിൽ തലയിടിച്ച് പരിക്കേറ്റതാകാമെന്നും മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നത് പതിവായതിനാൽ കാര്യമാക്കിയില്ലെന്നുമാണ് ഒപ്പം മദ്യപിച്ച പൊലീസുകാരിൽ ഒരാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒപ്പം മദ്യപിച്ചവരുമായി തർക്കമോ അടിപിടിയോ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ കൂടുതൽ പേരെ ചോദ്യം ചെയ്യും. വീഴ്‌ചയിലാണോ അടിയേറ്റാണോ തലയ്‌ക്ക് പരിക്കേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലേ വ്യക്തമാകൂ.